നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും തലസ്ഥാനം രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയാകുകയാണ്.
ബിജെപിക്കെതിരെ ഓപ്പറേഷൻ താമര ആരോപണം ഉന്നയിച്ച അരവിന്ദ് കെജ്രിവാളിന്റെ മൊഴിയെടുക്കാൻ ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) ഉദ്യോഗസ്ഥർ എത്തിയെങ്കിലും, ആം ആദ്മി പാർട്ടി (എഎപി) സഹകരിക്കാത്തതിനാൽ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
16 എംഎൽഎമാർക്ക് ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിൽ അന്വേഷണം നടത്താനായിരുന്നു എസിബി ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ, എഎപി നേതാവിന്റെ വീടിന് മുന്നിൽ ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി. അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് കെജ്രിവാളിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു.
രേഖകൾ ഹാജരാക്കാതെ അകത്തേക്ക് കടക്കാൻ കഴിയില്ലെന്ന നിലപാട് എടുത്തതോടെ എസിബി ഉദ്യോഗസ്ഥർ പുറത്ത് കാത്തുനിന്നു. ഒടുവിൽ, തെളിവുകൾ ഹാജരാക്കാൻ നോട്ടീസ് നൽകി അന്വേഷണ സംഘം മടങ്ങി. നാളെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ, എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായും തള്ളുകയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും.
എക്സിറ്റ് പോൾ പ്രവചനങ്ങൾ അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിൽ 36 എന്ന മാജിക് സംഖ്യ കടക്കുന്നവർക്കാണ് തലസ്ഥാനത്തെ ഭരണം പിടിക്കാനുള്ള അവസരം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.
ഈ തിരഞ്ഞെടുപ്പ് ഫലം ഡൽഹിയുടെ രാഷ്ട്രീയ ഭൂപടം മാറ്റിമറിക്കുമോ എന്നതാണ് എല്ലാവരുടെയും ശ്രദ്ധ. ബിജെപി, ആം ആദ്മി പാർട്ടി, കോൺഗ്രസ് എന്നിവരുടെ ത്രികോണ സമരത്തിന്റെ ഫലമാണ് നാളെ പ്രഖ്യാപിക്കപ്പെടാനിരിക്കുന്നത്. രാഷ്ട്രീയ നിരീക്ഷകർ ഫലത്തിനായി ഉത്സുകതോടെ കാത്തിരിക്കുകയാണ്.