ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ ബിജെപിക്കോ ബിജെപി ഭരിക്കുന്ന സർക്കാരുകൾക്കോ പങ്കില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ് വ്യക്തമാക്കി. കഴിഞ്ഞ ഈസ്റ്റർ പ്രധാനമന്ത്രിയുടെ വസതിയിൽ ആഘോഷിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അത്തരം നടപടികൾക്ക് നേതൃത്വം നൽകുന്ന സർക്കാരല്ല നരേന്ദ്ര മോദിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻ്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്കായിരുന്നു കുരുത്തോല പ്രദക്ഷിണം നിശ്ചയിച്ചിരുന്നത്. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് പ്രദക്ഷിണത്തിന് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ദേവാലയ അധികൃതർ അറിയിച്ചു. പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കൾ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാർട്ട് ദേവാലയം എന്നതും ശ്രദ്ധേയമാണ്.
കുരിശിന്റെ വഴിയെന്ന പേരിൽ ഇന്ന് വൈകീട്ട് കുരുത്തോല പ്രദക്ഷിണം നടത്താനായിരുന്നു ദേവാലയത്തിന്റെ തീരുമാനം. ഉച്ചക്ക് ശേഷം പള്ളി വളപ്പിൽ പ്രദക്ഷിണം നടക്കുമെന്നും അധികൃതർ അറിയിച്ചു. ആർച്ച് ബിഷപ്പ് സ്ഥാനാരോഹണം കേരളത്തിലെ മുഴുവൻ സമൂഹത്തിനുമുള്ള അംഗീകാരമാണെന്നും എം ടി രമേശ് പറഞ്ഞു.
കോഴിക്കോടിന്റെ സാമൂഹ്യജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് ആർച്ച് ബിഷപ്പ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ബിജെപിക്ക് ധൃതിയില്ലെന്നും എം.ടി.രമേശ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രാഥമികമായ ആലോചനകൾ മാത്രമാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: BJP leader M T Ramesh denies party’s involvement in the denial of permission for a procession at Sacred Heart Cathedral in Delhi.