ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പുഴയിലെ കുത്തൊഴുക്ക് തിരച്ചിലിന് വെല്ലുവിളിയാകുമെന്ന് ഡിഫൻസ് പിആർഒ കമാൻഡർ അതുൽ പിള്ള വ്യക്തമാക്കി. എന്നാൽ ഒഴുക്ക് കുറഞ്ഞാൽ നാവികസേനയുടെ മുങ്ങൽവിദഗ്ധർ അടിത്തട്ടിലേക്ക് ഡൈവ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചിലിനുള്ള ഒരുക്കങ്ങൾ മേഖലയിൽ പുരോഗമിക്കുകയാണ്. എമർജൻസി റെസ്പോൺസ് സംഘം കർവാർ നേവൽ ബേസിലുണ്ട്. നേവിയുമായി സംയുക്തമായി തിരച്ചിൽ നടക്കുന്നു. സാഹചര്യം അനുകൂലമാകുമ്പോൾ ഡൈവർമാർ ദൗത്യം ആരംഭിക്കും. സോണാർ സിഗ്നൽ ലഭിച്ച കേന്ദ്രത്തിൽ ലോറി ഉണ്ടെന്ന് ഉറപ്പിക്കാനാണ് ഡൈവർമാർ പരിശോധന നടത്തുന്നത്.
അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മൺകൂനക്കും ഇടയിലായാണ് ലോറിയുള്ളത്. അർജുൻ ക്യാബിനിലുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യപരിഗണന. ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്.