മൂവാറ്റുപുഴ◾: ഡാർക്ക് വെബ് വഴി മയക്കുമരുന്ന് കടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടാൻ തീരുമാനിച്ചു. കേസിൽ എൻ സി ബി അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി എഡിസൺ, കൂട്ടാളി അരുൺ തോമസ്, ഇടുക്കിയിലെ റിസോർട്ട് ഉടമകളായ ദമ്പതികൾ എന്നിവരുടെ സ്വത്തുക്കളും നിക്ഷേപവും കണ്ടുകെട്ടും. ഇതിന്റെ ഭാഗമായി പ്രതികളുടെ വിവിധ പണമിടപാട് സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ എൻസിബി മരവിപ്പിച്ചു.
മയക്കുമരുന്ന് കേസിൽ പിടിയിലായവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഇന്ത്യയിലെയും വിദേശത്തെയും നിക്ഷേപങ്ങൾ, ക്രിപ്റ്റോകറൻസി വഴിയുള്ള ഇടപാടുകൾ, മറ്റു സ്വത്തുവകകൾ എന്നിവ കണ്ടുകെട്ടാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്രതികളുടെ വിവിധ പണമിടപാട് സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ നേരത്തെ മരവിപ്പിച്ചിരുന്നു.
അതേസമയം മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡിലുള്ള കെറ്റാമെലോൺ തലവൻ എഡിസനെയും സുഹൃത്ത് അരുൺ തോമസിനെയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി എൻസിബി നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഇവരെ കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡാർക്ക് വെബ് മയക്കുമരുന്ന് ഇടപാടിൽ കൂടുതൽ വമ്പന്മാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായി കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന വാഗമണ്ണിലെ റിസോർട്ട് ഉടമകളായ ഡിയോൾ, ഭാര്യ അഞ്ജു എന്നിവരെയും അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങും. വെബ്സൈറ്റുകൾ കൂടാതെ, പ്രതികളുടെ മൊബൈലുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
എഡിസൺ എൽഎസ്ഡി സ്റ്റാമ്പുകൾ എത്തിച്ചിരുന്നത് ഡാർക്ക്വെബ്ബിന്റെ മുഖ്യസൂത്രധാരനായ ഡോ. സ്യൂസിൽനിന്ന് പാഴ്സൽ വഴിയാണ്. തുടർന്ന് കെറ്റാമെലോൺ വഴി ബന്ധപ്പെടുന്നവർക്ക് പാഴ്സലുകളിൽ അയക്കുകയായിരുന്നു പതിവ്. ക്രിപ്റ്റോകറൻസിയായ മൊനേറോയിലായിരുന്നു പ്രധാനമായും ഇടപാടുകൾ നടത്തിയിരുന്നത്.
അതേസമയം ഇവരുടെ വിദേശനിക്ഷേപങ്ങൾ, ക്രിപ്റ്റോകറൻസി ഇടപാട്, മറ്റു സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ പൂർണമായും ലഭ്യമല്ല. ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് എഡിസന്റേതടക്കം മരവിപ്പിച്ച അക്കൗണ്ടുകളിൽ കാര്യമായ നിക്ഷേപം ഉണ്ടായിരുന്നില്ല.
Story Highlights: ഡാർക്ക് വെബ് വഴി മയക്കുമരുന്ന് കടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടാൻ തീരുമാനിച്ചു.