
ദില്ലി: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് മുന്നറിയിപ്പ്. ഗോപാൽപൂരിനും വിശാഖപട്ടണത്തിനുമിടയില് തീരം തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 65 മുതല് 85 കിലോമീറ്റര് വരെ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത.
ഒഡീഷയുടെ തെക്കന് ജില്ലകളിലാണ് കൂടുതല് നാശനഷ്ടങ്ങള്ക്ക് സാധ്യത. ആന്ധ്രയുടെ വടക്കന് മേഖലയിലും ഒഡീഷയുടെ തെക്കന് ജില്ലകളിലും ജാഗ്രതാ നിര്ദേശം നല്കി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്പ്പിച്ചു. ഒഡീഷയില് മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു.
കോസ്റ്റുഗാര്ഡിന്റെ പതിനഞ്ചിലധികം ബോട്ടുകള് തീരമേഖലയില് സജ്ജീകരിച്ചിട്ടുണ്ട്. ആന്ധ്രയുടെ വടക്കന് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിക്കുകയും തീരമേഖലയില് നിന്ന് പരമാവധി ആളുകളെ മാറ്റിപാര്പ്പിച്ചിട്ടുമുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില് കേരളത്തിൽ സെപ്റ്റംബർ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ട്. മധ്യ, തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Story highlight : cyclone gulab set to hit andrapradesh and odisha today.