നോർക്ക റൂട്ട്സ് ഡയറക്ടറും ഖത്തറിലെ ആദ്യകാല പ്രവാസിയുമായ സി വി റപ്പായിയുടെ ആത്മകഥ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ ദോഹയിൽ പ്രകാശനം ചെയ്തു. ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പുസ്തകം പ്രകാശനം നിർവഹിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വ്യാപാര, വാണിജ്യ, സാംസ്കാരിക, വിദ്യാഭ്യാസ വളർച്ചകൾ മനസ്സിലാക്കാൻ പുസ്തകം സഹായകരമാകുമെന്നും തദ്ദേശീയരായ സമൂഹങ്ങളിൽ നിന്ന് കിട്ടിയ പിന്തുണയും പ്രോത്സാഹനവും മനസ്സിലാക്കാൻ പുസ്തകം സഹായിക്കുമെന്നും അംബാസഡർ പറഞ്ഞു.
1980 ൽ ഖത്തറിലെത്തിയ തൃശൂർ ജില്ലക്കാരനായ സി. വി റപ്പായിയുടെ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ എന്ന പുസ്തകം ഖത്തറിൽ പ്രസിദ്ധീകരിച്ച ഏഷ്യൻ പ്രവാസിയുടെ ആദ്യത്തെ സമഗ്രമായ ആത്മകഥയാണ്. ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും സിഇഒയുമാണ് സി.വി.റപ്പായി. ദോഹയിലെ പ്രവാസത്തിന്റെ ചരിത്രം രേഖപ്പെടുത്താൻ ആദ്യകാല പ്രവാസികൾ രചിക്കുന്ന ഇത്തരം പുസ്തകങ്ങൾ സഹായകരമാകുമെന്ന് അംബാസഡർ വിപുൽ പറഞ്ഞു.
ജംബോ ഇലക്ട്രോണിക്സിന്റെ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സജീദ് ജാസിം സുലൈമാൻ, ബിർള പബ്ലിക് സ്കൂൾ സ്ഥാപക ചെയർമാൻ ഡോ.മോഹൻ തോമസ്, അൽ ജസീറ ഇംഗ്ലിഷ് പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ, പുസ്തകം എഡിറ്റ് ചെയ്ത മാധ്യമപ്രവർത്തകൻ ഹുസൈൻ അഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദോഹയിലെ കത്താറ പബ്ലിഷിങ് ഹൗസാണ് ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ പ്രസിദ്ധീകരിച്ചത്. ബിർള പബ്ലിക് സ്കൂൾ ഡയറക്ടർ, നോർക്ക റൂട്ട്സ് ഡയറക്ടർ, ഇന്കെൽ ഡയറക്ടർ, ലോക കേരളസഭാംഗം തുടങ്ങിയ പദവികൾ കൂടി സി വി റപ്പായി വഹിക്കുന്നുണ്ട്. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തും സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്.
Story Highlights: CV Rappai’s autobiography ‘A Tale of Two Journeys’ released in Doha, documenting the history of Indian expatriates in Qatar