സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മകള്‍ക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിച്ചതിനെക്കുറിച്ച് അംഗങ്ങള്‍ ചോദ്യമുന്നയിച്ചു. മുന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടേയെന്ന് പറയാത്തതെന്തെന്നും ചോദിച്ചു. മുഖ്യമന്ത്രി കൃത്യമായി മറുപടി പറയാത്തത് സംശയങ്ങള്‍ക്ക് ഇടനല്‍കിയെന്നും ചില അംഗങ്ങള്‍ സൂചിപ്പിച്ചു.
സ്പീക്കര്‍ എ എന്‍ ഷംസീറിന് തലസ്ഥാനത്തെ ചില വ്യവസായികളുമായി ബന്ധമുണ്ടെന്നും ആ ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതാണെന്നും വിമര്‍ശനമുയര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷമുള്ള സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രിയുടെ ശൈലിയ്ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും രൂക്ഷ വിമര്‍ശനമേല്‍ക്കേണ്ടി വരുന്നതിനിടെയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും ഇത്തരം വിമര്‍ശനങ്ങളുയരുന്നത്.