
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിലെ ഗോളടിയിൽ റെക്കോർഡ് സ്വന്തമാക്കി. രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായി റൊണാൾഡോ മാറിയത് അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ്.
മത്സരത്തിലെ റൊണാൾഡോയുടെ ഇരട്ടഗോൾ പ്രകടനം പോർച്ചുഗലിന് വിജയം നേടിക്കൊടുത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ വിജയം സ്വന്തമാക്കിയത്. റൊണാൾഡോയുടെ ഗോളുകൾ 89, 90+6 മിനിറ്റുകളിലായിരുന്നു.
ഇതോടടെ രാജ്യാന്തര ഫുട്ബോളിലെ പോർച്ചുഗലിനു വേണ്ടിയുള്ള റൊണാള്ഡോയുടെ ഗോൾനേട്ടം 111 ആയിമാറി.109 ഗോളുകളുമായി റെക്കോർഡ് നേടിയ ഇറാന്റെ ഇതിഹാസ താരമായ അലി ദേയിയാണ് രണ്ടാം സ്ഥാനത്ത്. സ്പാനിഷ് താരമായ സെർജിയോ റാമോസിന്റെ യൂറോപ്യൻ റെക്കോർഡിന് ഒപ്പമെത്താനും റൊണാൾഡോയ്ക്ക് കഴിഞ്ഞു.
പോർച്ചുഗീസ് ജഴ്സിയിൽ റൊണാൾഡോയുടെ 180–ാമത്തെ മത്സരമാണിത്. റൊണാൾഡോ യൂറോ കപ്പിൽ കൂടുതൽ ഗോളുകൾ (14) നേടിയതിന്റെ റെക്കോർഡും കരസ്ഥമാക്കിയിരുന്നു. ലോക കപ്പിലും യുറോ കപ്പിലുമായി കൂടുതൽ ഗോൾനേട്ടവും (21) റൊണാൾഡോ തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്.
ടീമിനു ലഭിച്ച പെനൽറ്റി പാഴാക്കിയ റൊണാൾഡോ മത്സരത്തിന്റെ 15–ാം മിനിറ്റിൽ തന്നെ ദുരന്ത നായകനാകേണ്ടതായിരുന്നു. തിരിച്ചടിക്കാനുള്ള അവസരങ്ങൾ നഷ്ടമായതോടെ പോർച്ചുഗൽ തോൽവി ഉറപ്പിച്ചിരുന്നു. എന്നാൽ മത്സരം പൂർത്തിയാകാൻ 1 മിനിറ്റ് ശേഷിക്കെയാണ് റൊണാൾഡോ പെനൽറ്റി നഷ്ടത്തിന് പ്രായശ്ച്ചിത്തം ചെയ്തത്.
ഗോൺസാലോ ഗ്വിഡെസിന്റെ ക്രോസിനെ തലകൊണ്ട് ഏറ്റുമുട്ടിയാണ് റൊണാൾഡോ ടീമിന് സമനില നേടികൊടുത്തത്. അതിനൊപ്പം റൊണാൾഡോയ്ക്ക് ലോക റെക്കോർഡും കരസ്ഥമായി. സമനിലയുടെ ആശ്വാസത്തിൽ കളി അവസാനിപ്പിക്കാനൊരുങ്ങിയ പോർച്ചുഗലിന് അവിശ്വസനീയ ജയവും നേടികൊടുത്തുകൊണ്ടാണ് റൊണാൾഡോ തിരിച്ചു കയറിയത്.
33 – ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, 31 – യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾ, 19 – രാജ്യാന്തര സൗഹൃദ മത്സരങ്ങൾ, 14 -യൂറോ കപ്പ്, 7 – ലോകകപ്പ്, 5 – യുവേഫ നേഷൻസ് ലീഗ്, 2 – കോൺഫെഡറേഷൻസ് കപ്പ് എന്നിങ്ങനെയാണ് റൊണാൾഡോയുടെ ഗോളുകൾ.
Story highlight : Cristiano Ronaldo sets world record.