കളിക്കളത്തിനു പുറത്തും റെക്കോര്ഡുകള് കുറിക്കുന്നത് തുടരുകയാണ് പോര്ച്ചുഗലിന്റെ ഫുട്ബോള് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്ഡോ. എല്ലാ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലുമായി താരത്തെ പിന്തുടരുന്നവരുടെ എണ്ണം 100 കോടി കവിഞ്ഞിരിക്കുന്നു. ഫേസ്ബുക്കില് 170 ദശലക്ഷം, എക്സില് 113 ദശലക്ഷം, ഇന്സ്റ്റഗ്രാമില് 638 ദശലക്ഷം, കഴിഞ്ഞ മാസം ആരംഭിച്ച യൂട്യൂബ് ചാനലില്‍ 60.5 ദശലക്ഷം സബ്സ്ക്രൈബേഴ്സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആള്ക്കാരുടെ കണക്ക്.
ഈ നേട്ടത്തെക്കുറിച്ച് ഇന്സ്റ്റഗ്രാമില് പ്രതികരിച്ച റൊണാള്ഡോ, ഇത് കേവലം തന്നോടുള്ള ഇഷ്ടത്തിനപ്പുറം ഫുട്ബോള് എന്ന മഹത്തായ കായിക വിനോദത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണെന്ന് കുറിച്ചു. “100 കോടി സ്വപ്നങ്ങള്, ഒരൊറ്റ യാത്ര” എന്നാണ് നേട്ടത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. “നമ്മള് ചരിത്രം സൃഷ്ടിച്ചു, 1 ബില്യണ് അനുയായികള്! ഇത് കേവലം ഒരു സംഖ്യ എന്നതിനപ്പുറമാണ്. ഇത് നമ്മള് പങ്കിട്ട ഫുട്ബോളിനോടുള്ള അഭിനിവേശത്തിന്റെയും സ്നേഹത്തിന്റെയും നേര്സാക്ഷ്യമാണ്,” എന്ന് റൊണാള്ഡോ കുറിച്ചു.
മദേറിയയിലെ തെരുവുകള് മുതല് ലോകത്തിലെ ഏറ്റവും വലിയ വേദികള് വരെ, എപ്പോഴും തന്റെ കുടുംബത്തിനും ആരാധകര്ക്കുമായാണ് താന് കളിച്ചതെന്ന് റൊണാള്ഡോ പറഞ്ഞു. “എല്ലാ ഉയര്ച്ചകളിലും താഴ്ച്ചകളിലും നിങ്ങള് എന്നോടൊപ്പം ഓരോ ചുവടിലും ഉണ്ടായിരുന്നു. ഇത് നമ്മുടെ യാത്രയാണ്. നമുക്ക് നേടാനാകുന്നതിന് പരിധികളില്ലെന്ന് നമ്മള് തെളിയിച്ചിരിക്കുന്നു,” എന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. തന്നെ വിശ്വസിച്ചതിനും പിന്തുണച്ചതിനും തന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി പറഞ്ഞ റൊണാള്ഡോ, മികച്ച പ്രകടനങ്ങള് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും, ഒരുമിച്ച് മുന്നേറി വിജയിക്കുകയും ചരിത്രം കുറിക്കുകയും ചെയ്യുമെന്നും പ്രഖ്യാപിച്ചു.
Story Highlights: Cristiano Ronaldo becomes the first person to surpass 1 billion followers across all social media platforms, marking a historic milestone in digital influence.