കണ്ണൂർ◾: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യമായി വന്നതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിയാണ് ക്രൈംബ്രാഞ്ച് ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിലെ ജീവനക്കാരുടേയും, തടവുകാരുടെയും മൊഴിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജയിൽ ചാട്ടത്തിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഗോവിന്ദച്ചാമി ആവർത്തിച്ചു. നിലവിലെ അന്വേഷണ സംഘം കേസ് ഫയൽ നൽകാൻ വൈകിയതിനാലാണ് കേസ് അന്വേണം തുടങ്ങാൻ വൈകിയതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിക്കുന്നത്. ജയിൽച്ചാട്ട ദൃശ്യങ്ങൾ പുറത്തുവന്നതിലും അന്വേഷണം നടക്കും.
അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണനാണ് അന്വേഷണ ചുമതല വഹിക്കുന്നത്. ഈ മാസം ഒന്നിനാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കണ്ണൂർ സിറ്റി പൊലീസിലെ പ്രത്യേക സംഘമാണ് ഇതിനു മുൻപ് കേസ് അന്വേഷിച്ചിരുന്നത്.
അതേസമയം, ഗോവിന്ദച്ചാമി പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായി വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഗോവിന്ദചാമി നേരത്തെ ഉണ്ടായിരുന്ന അന്വേഷണ സംഘത്തോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോളും ആവർത്തിക്കുന്നത്. ഇതിൽ വിശദമായ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടാകും.
ജയിൽ ചാടുന്നതിനായി സെൽ മുറിക്കാൻ കണ്ടെത്തിയ ആയുധത്തിൽ നിലവിൽ സംശയങ്ങളുണ്ട്. അതിനാൽ മറ്റേതെങ്കിലും ആയുധം ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണം നടത്തും.
Story Highlights : Crime Branch Questioned Govindachamy
crime branch will investigate govindachamy’s jailbreak case