സിപിഐഎം പ്രവർത്തകർ ബിജെപിയിലേക്ക് കൂട്ടത്തോടെ പോകുന്നതിനെക്കുറിച്ച് പാർട്ടി സംസ്ഥാന സമ്മേളനം സത്യസന്ധമായ വിലയിരുത്തൽ നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു. സിപിഐഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാർ പ്രീണനത്തിൽ മനംമടുത്ത പ്രവർത്തകരാണ് ബിജെപിയിലേക്ക് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി വോട്ട് ബിജെപിക്ക് മറിയുന്നു എന്ന സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് അതീവ ഗുരുതരമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
പിണറായി വിജയനെതിരെയുള്ള ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ്, ലൈഫ് മിഷൻ കേസ്, മാസപ്പടി കേസ് തുടങ്ങിയവയിൽ ബിജെപി മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് സുധാകരൻ ആരോപിച്ചു. ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കി മുന്നോട്ടുപോകുന്നതിനേക്കാൾ ഭേദം ആ പാർട്ടിയിലേക്ക് പോകുന്നതാണെന്ന് പാർട്ടി പ്രവർത്തകർ ചിന്തിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയ കാർഡിറക്കിയുള്ള പിണറായി വിജയന്റെ രാഷ്ട്രീയപ്രവർത്തനത്തോട് പ്രവർത്തകരിൽ വലിയ പ്രതിഷേധമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഒരു തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ കാർഡ് ഇറക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡിറക്കുന്ന പിണറായി വിജയൻ സ്വന്തം വിശ്വാസ്യതയും പാർട്ടിയുടെ വിശ്വാസ്യതയും ഇല്ലാതാക്കിയ നേതാവാണെന്നും സുധാകരൻ വിമർശിച്ചു. കോൺഗ്രസ് മുക്ത ഭാരതത്തിനായി സഖ്യകക്ഷികളെ തേടി നടന്ന ബിജെപിക്ക് കേരളത്തിൽ കിട്ടിയ ഏറ്റവും വിശ്വസ്തനായ പാർട്ട്ണറാണ് സിപിഐഎം. 11 പാർട്ടികളുള്ള ഇടതുമുന്നണിയിലെ പന്ത്രണ്ടാമത്തെ അനൗദ്യോഗിക പാർട്ടിയാണ് ബിജെപി എന്നും സുധാകരൻ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സഖ്യം വിജയകരമായി പ്രവർത്തിക്കുകയും പിണറായി വിജയൻ വീണ്ടും അധികാരത്തിലേറുകയും ചെയ്തു. പിണറായി വിജയൻ ഇന്ന് ജയിലിൽ പോകാതിരിക്കുന്നത് കേന്ദ്രത്തിന്റെ കനിവിലാണെന്നും സുധാകരൻ പറഞ്ഞു. വയനാട് പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രഫണ്ടിലും കേന്ദ്രവിഹിതത്തിലും കേന്ദ്രസർക്കാർ കേരളത്തെ ചതിച്ചെങ്കിലും ഒന്നു ശബ്ദിക്കാൻ പോലും പിണറായി വിജയന് കഴിയുന്നില്ല.
യുപിഎ സർക്കാരുകൾക്കെതിരെ ഡൽഹിയിൽ സ്ഥിരം സമരം നടത്തിയിരുന്ന ആ സുവർണ്ണകാലം സിപിഐഎമ്മുകാർ അയവിറക്കുന്നുണ്ടാകുമെന്നും സുധാകരൻ പരിഹസിച്ചു. മോദി സർക്കാരിനെ ഫാസിസ്റ്റ് എന്നുവിളിക്കാൻ പിണറായി വിജയന് സമ്മതിക്കില്ല എന്നതാണ് സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ ഗതികേട്. ബാബ്റി മസ്ജിദ് തകർത്തതും, കാലിക്കടത്തിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്നതും, പൗരത്വഭേദഗതിനിയമം നടപ്പാക്കിയതും, മണിപ്പൂരിൽ ക്രൈസ്തവരെ കൊന്നൊടുക്കിയതും, കൽബുർഗി, ധബോൽക്കർ, ഗൗരിലങ്കേഷ് എന്നിവരെ കൊന്നൊടുക്കിയതും ഫാസിസമല്ലേ എന്ന് സുധാകരൻ ചോദിച്ചു.
യുഡിഎഫ് തുടർച്ചയായി അധികാരത്തിനു പുറത്തിരുത്തിയാൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലെത്തും എന്നാണ് സിപിഐഎം പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, അധികാരത്തിനു പുറത്തിരുന്നിട്ടും കോൺഗ്രസിലെ കൊള്ളാവുന്ന ഒരു നേതാവിനെയും ബിജെപിക്കു കിട്ടിയില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ഒൻപത് വർഷം അധികാരത്തിലിരുന്ന് അതിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുന്ന സിപിഐഎം പ്രവർത്തകരാണ് ബിജെപിയിൽ ചേക്കേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുമായുള്ള പിണറായി വിജയന്റെയും പാർട്ടിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധം പാർട്ടി അണികളിൽ ഉണ്ടാക്കിയ അണപൊട്ടിയ രോഷമാണ് സിപിഐഎം പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്നും സുധാകരൻ ആരോപിച്ചു.
Story Highlights: K Sudhakaran criticizes Pinarayi Vijayan and CPM for alleged BJP appeasement, citing CPM workers joining BJP.