മധുരയിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന പ്രതിനിധികൾ കഫിയ അണിഞ്ഞാണ് സമ്മേളനത്തിൽ എത്തിയത്. സമ്മേളന ഹാളിൽ മുദ്രാവാക്യം വിളികളുമായി പലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ചു. സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലുവാണ് റിപ്പോർട്ട് അവതരിപ്പിക്കുക.
പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയത്തിലും രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലുമുള്ള പൊതു ചർച്ച ഇന്ന് പൂർത്തിയാകും. ചർച്ചയ്ക്ക് പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് മറുപടി പറയും. ചർച്ചയിൽ ഉയർന്ന ഭേദഗതികൾ കൂടി പരിഗണിച്ച് രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിക്കും. ഈ മാസം ആറ് വരെയാണ് പാർട്ടി കോൺഗ്രസ്.
കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി പരാജയമെന്ന വിമർശനം ഉയർന്നിരുന്നു. പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉത്തരേന്ത്യയിൽ എത്തുന്നില്ലെന്ന വിമർശനവും ഉണ്ടായിരുന്നു. രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ചയിലായിരുന്നു ഈ വിമർശനം. ഉത്തർപ്രദേശിലെ പ്രതിനിധികളാണ് ഈ വിമർശനം ഉന്നയിച്ചത്.
പിണറായി സർക്കാരിന് നേട്ടങ്ങൾ ഒരുപാടുണ്ടെന്നും എന്നാൽ അത് കേരളത്തിന് പുറത്തറിയുന്നില്ലെന്നും സമ്മേളന പ്രതിനിധികൾ പറഞ്ഞു. ഏപ്രിൽ രണ്ടാം തീയ്യതിയാണ് മധുരയിൽ പാർട്ടി കോൺഗ്രസ് ആരംഭിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി.
പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. എൺപത് നിരീക്ഷകരടക്കം എണ്ണൂറിലധികം പ്രതിനിധികൾ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
Story Highlights: The CPM Party Congress, held in Madurai, expressed solidarity with the Palestinian people.