അരിയില് ഷുക്കൂര് വധക്കേസില് സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നല്കിയ വിടുതല് ഹര്ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളിക്കളഞ്ഞു. ഗൂഢാലോചനാ കുറ്റമാണ് പ്രതികള്ക്കെതിരെ ചുമത്തിയിരുന്നത്. ഷുക്കൂറിന്റെ അമ്മ ആത്തിക്ക ഹര്ജിയില് കക്ഷി ചേര്ന്ന് പി ജയരാജനും ടിവി രാജേഷിനുമെതിരെ തെളിവുണ്ടെന്നും വിടുതല് ഹര്ജി നിയമപരമായി നിലനില്ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഹര്ജിയിന്മേല് തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്ന് സ്ഥാപിക്കാനായതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹര്ജി തള്ളിയത്.
നിയമ വിദഗ്ദരുമായി ആലോചിച്ച് തുടര്നടപടികള് സ്വീകരിക്കുമെന്ന് പി ജയരാജന് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് കേരള പോലീസ് ചാര്ജ്ജ് ചെയ്ത ഐപിസി 118ാം വകുപ്പ് നിലനില്ക്കില്ലെന്നും തുടര്ന്ന് വിചാരണ നേരിടണമെന്നും വിധി വന്നിരിക്കുന്ന സാഹചര്യത്തില് നിയമ വിദഗ്ദരുമായി ആലോചിച്ച് തുടര്ന്നുള്ള നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലീംലീഗ് വിദ്യാര്ത്ഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്ത്തകനായിരുന്ന ഷുക്കൂര് 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. ഈ കേസില് സിപിഎം നേതാക്കള്ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തിയിരുന്നു. ഇപ്പോള് കോടതി വിടുതല് ഹര്ജി തള്ളിയതോടെ കേസ് വീണ്ടും ചര്ച്ചയാകുകയാണ്.
Story Highlights: CBI court dismisses discharge petitions of CPM leaders Jayarajan and Rajesh in Ariyil Shukoor murder case