സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കടുത്ത വിമർശനം ഉയർന്നു. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം പാർട്ടിക്ക് അപമാനം സൃഷ്ടിച്ചുവെന്ന് യോഗത്തിൽ ആക്ഷേപം ഉയർന്നു. മേയറുടെ പ്രവർത്തനങ്ങൾ നഗരഭരണം അപകടത്തിലാക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നുവെന്നും വിമർശനം ഉണ്ടായി. ഈ സാഹചര്യത്തിൽ പാർട്ടി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കെഎസ്ആർടിസി ഡ്രൈവറുമായുള്ള സംഘർഷത്തിൽ മേയറും എംഎൽഎയും അപരിപക്വമായാണ് പെരുമാറിയതെന്ന് വിലയിരുത്തപ്പെട്ടു. മേയറുടെ അനുഭവക്കുറവ് നഗരഭരണത്തെ പ്രതികൂലമായി ബാധിച്ചതായും അഭിപ്രായം ഉയർന്നു. സംസ്ഥാന സർക്കാരിനെതിരെയും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയത് സർക്കാരിന് തിരിച്ചടിയായി. ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരെ തിരിഞ്ഞു. തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് നൽകുന്നില്ലെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി. പൊലീസിനെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും പൊലീസിന്റെ പ്രവർത്തനം അനിയന്ത്രിതമാണെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി വിമർശിച്ചു.