സിപിഐഎം എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഐഎമ്മിനെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തതെന്നും, ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഈഴവർ എല്ലാകാലത്തും തങ്ങളെ പിന്തുണയ്ക്കുമെന്ന സിപിഐഎമ്മിന്റെ മിഥ്യാധാരണ ലോക്സഭ തിരഞ്ഞെടുപ്പോടെ അവസാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്. സി- എസ്. ടി വിഭാഗങ്ങളും സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളെ പോലും രണ്ടായി കാണുന്നതാണ് സിപിഐഎമ്മിന്റെ ശൈലിയെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കുമ്പോൾ ക്രൈസ്തവരെ അവഗണിക്കുന്നതാണ് സിപിഐഎമ്മിന്റെയും പിണറായി സർക്കാരിന്റെയും നിലപാടെന്നും അദ്ദേഹം ആരോപിച്ചു. തങ്ങൾക്ക് വോട്ട് ചെയ്യാത്തവരെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാസിസ്റ്റ് സമീപനമാണെന്നും കെ.
സുരേന്ദ്രൻ കൂട്ടിച്ചേർത്തു.











