സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി വേണ്ടെന്ന് സിപിഐഎം പി.ബി യോഗം

Anjana

CPIM General Secretary replacement

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്ന് ധാരണയായി. പാർട്ടി സെന്ററിലെ പി.ബി അംഗങ്ങൾ കൂട്ടായി ചുമതല നിർവഹിക്കാനും, ഏകോപനത്തിനായി കോർഡിനേറ്ററെ ചുമതലപ്പെടുത്താനുമാണ് തീരുമാനം. നാളെ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ചർച്ചകളിൽ രണ്ട് നിർദ്ദേശങ്ങളാണ് ഉയർന്നുവന്നത്. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചു കഴിഞ്ഞതിനാൽ താൽക്കാലിക സംവിധാനം മതിയെന്നും, ജനറൽ സെക്രട്ടറി പദവിയിൽ പുതിയൊരാൾ ഉടൻ വേണ്ടെന്നുമുള്ള നിർദേശമാണ് കേരള നേതാക്കൾ അടക്കമുള്ളവർ മുന്നോട്ട് വച്ചത്. എന്നാൽ താൽക്കാലിക സംവിധാനം എന്നത് ഭരണഘടനയിൽ ഇല്ലെന്ന അഭിപ്രായവും ഉയർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏകോപനത്തിനായി മുതിർന്ന പി.ബി അംഗങ്ങളിൽ ഒരാളെ കോർഡിനേറ്ററായി ചുമതലപ്പെടുത്താനും തീരുമാനിച്ചു. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പേര് കോർഡിനേറ്റർ സ്ഥാനത്തേക്ക് ഉയർന്നു വന്നതായാണ് സൂചന. പൊളിറ്റ് ബ്യൂറോയുടെ നിർദേശം നാളെ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ വയ്ക്കും. കേന്ദ്ര കമ്മിറ്റിയിൽ നടക്കുന്ന ചർച്ചകളിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Story Highlights: CPIM PB meeting decides against immediate replacement for Sitaram Yechury as General Secretary

Leave a Comment