സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ളതിനാൽ കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി. പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗമായ സജേഷിനെയാണ് പാർട്ടിയിൽ നിന്നും നീക്കം ചെയ്തത്. രണ്ട് മാസം മുമ്പ് എടുത്ത ഈ നടപടിയുടെ വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ടായിരുന്നു.
കാനായിൽ സ്വർണം പൊട്ടിക്കാൻ എത്തിയ സംഘത്തിൽ സജേഷും ഉൾപ്പെട്ടിരുന്നു. ഈ സംഭവത്തിൽ നാട്ടുകാർ ഇയാളെ പിടികൂടുകയും ചെയ്തു. ഡിവൈഎഫ്ഐ എരമം സെൻട്രൽ മേഖല അംഗം കൂടിയായിരുന്നു സജേഷ്. ഈ നടപടി സംബന്ധിച്ച് സിപിഐഎം പരസ്യമായി പ്രതികരിച്ചിരുന്നില്ല. സ്വർണക്കടത്ത് സംഘവുമായി പാർട്ടി അംഗങ്ങൾക്കുള്ള ബന്ധത്തെക്കുറിച്ച് രാഷ്ട്രീയ ചർച്ചകൾ സജീവമായിരിക്കെയാണ് ഈ വിവരം പുറത്തുവരുന്നത്.
പാർട്ടിയിൽ നിന്ന് പുറത്തുപോയ മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങൾക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു. അർജുൻ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കും ഒരു ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും മനു തോമസ് വെളിപ്പെടുത്തിയിരുന്നു.