സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം അനധികൃത മദ്യവുമായി എക്സൈസിന്റെ പിടിയിലായി. വടവന്നൂർ കുണ്ടുകാട് ചാളയ്ക്കൽ എ.
സന്തോഷ് (54) എന്നയാളെയാണ് 54 ലിറ്റർ മദ്യവുമായി പിടികൂടിയത്. കൊല്ലങ്കോട്-പുതുനഗരം പാതയിൽ പുതുനഗരം ഗ്രാമപ്പഞ്ചായത്തോഫീസിന് മുൻപിൽവെച്ച് ഇന്നലെ വൈകീട്ട് 5 മണിക്കാണ് സംഭവം നടന്നത്.
കാറിന്റെ പിന്നിൽ ആറ് കെയ്സുകളിലാക്കി 108 കുപ്പികൾ (അരലിറ്റർ വീതം) കടത്തുകയായിരുന്നു പ്രതി. പാലക്കാട്ടുനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊല്ലങ്കോട് ഭാഗത്ത് കൂടുതൽ വിലയ്ക്ക് വിൽക്കാനായിരുന്നു ഇയാളുടെ പദ്ധതി.
ഹോളോഗ്രാമോ സീലോ ഇല്ലാത്തതിനാൽ സർക്കാർ മദ്യക്കടകളിൽ നിന്നുള്ളതല്ലെന്നും എവിടെയോ വ്യാജമായി നിർമിച്ചതാണെന്നും എക്സൈസ് അധികൃതർ സംശയിക്കുന്നു. സന്തോഷ് വടവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറിയുമാണ്.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥിയായിരുന്നു ഇയാൾ. കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Story Highlights: CPIM local committee member arrested with 54 liters of illegal liquor in Palakkad Image Credit: twentyfournews