കേരളത്തിലെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകുകയാണ്. പാർട്ടിയും സർക്കാരും വിവാദങ്ങളിൽ മുങ്ങിനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സമ്മേളനങ്ങൾ നടക്കുന്നത്. വിഭാഗീയതയുടെ പേരിൽ ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്താണ് ആദ്യ സമ്മേളനം നടക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഭരണപരമായ വീഴ്ചകളും പാർട്ടി നിലപാടുകളും സമ്മേളനങ്ങളിൽ സജീവ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഇന്ന് മുതൽ ഡിസംബർ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് കൊല്ലം ജില്ലാ സമ്മേളനം നടക്കുന്നത്. പിബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ സമ്മേളനത്തിൽ 450 പ്രതിനിധികൾ പങ്കെടുക്കുമെങ്കിലും കരുനാഗപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടാകില്ല. കരുനാഗപ്പള്ളിയിൽ സമ്മേളനം കയ്യാങ്കളിയിൽ കലാശിച്ചതിനെ തുടർന്ന് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. നിലവിൽ ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് ഏരിയാ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്.
വിഭാഗീയതയുടെ കാലം കഴിഞ്ഞെന്ന ആത്മവിശ്വാസത്തോടെയാണ് സിപിഎം ഇത്തവണ സംഘടനാ സമ്മേളനങ്ങളിലേക്ക് കടന്നത്. എന്നാൽ ഏരിയാ സമ്മേളനത്തിൽ പൊട്ടിത്തെറികൾ ഉണ്ടായി. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്താണ് വിഭാഗീയത തെരുവിലെത്തിയത്. സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു. ഈ സംഭവം നേതൃത്വത്തെ ഞെട്ടിച്ചു.
പൊലീസ് വകുപ്പ് അടക്കം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സൂക്ഷ്മ പരിശോധന ജില്ലാ സമ്മേളന ചർച്ചകളിൽ നടന്നേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന ആക്ഷേപങ്ങളും പി.വി. അൻവറും പി. ശശിയും മുതൽ പി.പി. ദിവ്യ വരെ ഉൾപ്പെട്ട വിവാദങ്ങളും ചർച്ചയാകുമോയെന്ന് കണ്ടറിയണം. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയും ഉപതെരഞ്ഞെടുപ്പ് വിലയിരുത്തലും ചർച്ചയാകുന്ന സമ്മേളനങ്ങൾ മൂന്നാം തുടർ ഭരണം ലക്ഷ്യമിടുന്ന സിപിഎമ്മിന് സംഘടനാ തലത്തിലും നിർണ്ണായകമാണ്. മാർച്ച് ആദ്യ വാരം കൊല്ലത്താണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
Story Highlights: CPIM district conferences begin today amidst controversies and internal conflicts