എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ ആവശ്യപ്പെട്ടു. സിപിഐക്കാരി എന്ന നിലയിലും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിലുമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്ന് ആനി രാജ വ്യക്തമാക്കി. സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും പ്രധാനമാണെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ടതില്ല എന്ന് പറയുന്നവരോട് ഇക്കാര്യം ചോദിക്കാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ന് ലൈംഗിക പീഡന പരാതിയില് എം മുകേഷ് എംഎല്എയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പ്രത്യേക അന്വേഷണ സംഘം മൂന്ന് മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്കൂര് ജാമ്യം ഉള്ളതിനാല് നടപടിക്രമങ്ങള് പൂര്ത്തിയാക്കി ഒരു ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യത്തില് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു. ആവശ്യപ്പെടുമ്പോള് അന്വേഷണ സംഘത്തിന് മുന്നില് എത്തണമെന്നതാണ് പ്രധാന വ്യവസ്ഥ.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ ചോദ്യം ചെയ്തത്. മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. 2009-ല്‍ നടന്ന സംഭവത്തില് മുകേഷ്, മണിയന്പിള്ള രാജു, അഡ്വ. ചന്ദ്രശേഖര് അടക്കം ഏഴ് പേര് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില് എറണാകുളം സെഷന്സ് കോടതി മുകേഷിന് നേരത്തെ മുന്കൂര് ജാമ്യം അനുവദിച്ചിരുന്നു.
Story Highlights: CPI leader Annie Raja demands MLA Mukesh’s resignation amid sexual assault allegations