വയനാട് മണ്ഡലത്തിൽ സത്യൻ മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ. പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിനിറങ്ងുന്ന വയനാട്ടിൽ സത്യൻ മൊകേരിയെ ഒരിക്കൽക്കൂടി പോരാട്ടത്തിനിറക്കുകയാണ് പാർട്ടി. രൂപീകരണ കാലം മുതൽ യുഡിഎഫിന്റെ ഉറച്ചകോട്ടയായ വയനാട്ടിൽ 2014-ൽ എംഐ ഷാനവാസിനെ വിറപ്പിച്ചിരുന്നു സത്യൻ മൊകേരി. ഷാനവാസ് ജയിച്ചത് ഇരുപതിനായിരം വോട്ടിനാണ്.
1953-ൽ കണ്ണൂരിലെ മൊകേരിയിൽ ജനിച്ച സത്യൻ മൊകേരി, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നാണ് രാഷ്ട്രീയ കളരിയിലേക്ക് പ്രവേശിച്ചത്. എഐഎസ്എഫിന്റെ മുൻനിരയിലേക്ക് അതിവേഗം എത്തിയ അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേർന്നു. 1987 മുതൽ തുടർച്ചയായി മൂന്നു തവണ നാദാപുരത്തുനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ സഭയിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
വയനാട് മണ്ഡലത്തിന്റെ ചരിത്രത്തിൽ ഒരു എൽഡിഎഫ് സ്ഥാനാർത്ഥി നേടിയ ഏറ്റവും വലിയ വോട്ടാണ് സത്യൻ മൊകേരി പിടിച്ചത്. പിവി അൻവർ മുപ്പതിനായിരത്തിന് മുകളിൽ വോട്ട് പിടിച്ചില്ലായിരുന്നെങ്കിൽ അന്ന് മണ്ഡലം കൂടെ പോന്നേനെ എന്ന് സിപിഐ ഇന്നും വിശ്വസിക്കുന്നു. നിലവിൽ സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി, കിസാൻ സഭയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തും വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. 2015-ൽ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
Story Highlights: CPI fields Sathyan Mokeri in Wayanad to challenge Priyanka Gandhi’s debut