ഹാഥ്റസ് ദുരന്തത്തിൽ ആൾ ദൈവം ഭോലെ ബാബയ്ക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് ഒരുങ്ങുകയാണ്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിച്ചുവരുന്ന പൊലീസ്, ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ധനസഹായം ലഭിച്ചതായി കണ്ടെത്തി. ജുഡീഷ്യൽ കമ്മീഷൻ ഇന്നലെ അപകട സ്ഥലം സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. രണ്ട് മാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.
കേസിൽ അറസ്റ്റിലായ സത്സംഗ് സംഘാടകൻ ദേവ് പ്രകാശ് മധുക്കറിന്റെ സാമ്പത്തിക, കോൾ റെക്കോർഡുകൾ എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം. എന്നാൽ, അപകടത്തിൻ മേലുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നാണ് സമാജ് വാദിയും കോൺഗ്രസും ആരോപിക്കുന്നത്.
ആൾ ദൈവം ഭോലേ ബാബ ഇപ്പോഴും ഒളിവിലാണ്. അപകടത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നും താൻ വേദി വിട്ടതിനുശേഷമാണ് അപകടം ഉണ്ടായതെന്നുമാണ് ബാബയുടെ വിശദീകരണം. ഈ സംഭവത്തിൽ രാഷ്ട്രീയ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്ന പൊലീസ്, കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.