തിരുവനന്തപുരം◾: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി കൗൺസിലർ അനിൽ പ്രസിഡന്റായ സഹകരണ സംഘത്തിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിൽ പ്രതിഷേധം ശക്തമാവുകയാണ്. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
രണ്ടാഴ്ച മുൻപ് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ അനിൽകുമാർ പ്രസിഡന്റായ ഫാം ടൂർ സഹകരണ സംഘത്തിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തി. സഹകരണ വകുപ്പിന്റെ സർക്കുലർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സംഘം പ്രവർത്തിച്ചതിലൂടെ 14 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ബാങ്കിന് നഷ്ടമായ തുക സെക്രട്ടറിയും പ്രസിഡന്റും ഭരണസമിതി അംഗങ്ങളും പലിശ സഹിതം തിരികെ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. അനുമതിയില്ലാതെ സി ക്ലാസ് അംഗങ്ങൾക്ക് വായ്പ നൽകിയതിൽ രണ്ടരക്കോടി രൂപ കുടിശ്ശികയായിട്ടുണ്ട്.
അന്വേഷണത്തിൽ ക്രമക്കേട് പുറത്തായതോടെ പ്രസിഡന്റ് അനിൽകുമാറിന് സമ്മർദ്ദം കൂടിയിരുന്നു. ഇതിന്റെ ഭാഗമായി വായ്പ നൽകിയവരോട് പണം തിരികെ ചോദിച്ചു എന്നാൽ പണം ലഭ്യമല്ലാത്തതിനെ തുടർന്ന് അദ്ദേഹം ആത്മഹത്യ ചെയ്തു എന്നാണ് ഉയരുന്ന ആരോപണം. അതേസമയം, അനധികൃതമായി ഏജന്റുമാരെ നിയമിക്കുകയും കമ്മീഷൻ നൽകുകയും ചെയ്തതിലൂടെ ഒരു കോടി 18 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, അനിൽകുമാറിന്റെ ആത്മഹത്യയിൽ ബിജെപിക്കുള്ളിൽ പ്രതിഷേധം ശക്തമാവുകയാണ്. ബിജെപി വലിയവിള കൗൺസിലറുടെ ഭർത്താവ് സുനിൽകുമാർ നേതൃത്വത്തിനെതിരെ ഫേസ്ബുക്കിലൂടെ രൂക്ഷ വിമർശനം ഉന്നയിച്ചു.
അനുമതിയില്ലാതെ പൊതുഫണ്ട് നഷ്ടപ്പെടുത്തിയത് വഴി 12 ലക്ഷത്തിന്റെ ക്രമക്കേട് ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. അനാവശ്യമായ ഇടപെടലുകളിലൂടെ സംഘത്തിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നഷ്ടമായ തുക സംഘം സെക്രട്ടറിയിൽ നിന്നും ഭരണസമിതി അംഗങ്ങളിൽ നിന്നും പലിശ സഹിതം ഈടാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ ഭൗതിക ശരീരത്തിന് മുന്നിൽ നിന്ന് കരയാൻ ഉളുപ്പില്ലാത്തവരുണ്ടെന്നാണ് സുനിൽകുമാറിന്റെ പോസ്റ്റ്. കാശിനുവേണ്ടി മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടവരെ തിരിച്ചറിയണമെന്നും പോസ്റ്റിലുണ്ട്. താൽക്കാലിക നിയമനം നടത്തിയതിലും വലിയ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story Highlights : Irregularities in the cooperative society of which Thirumala Anil is the president