പാലക്കാട്ടെ പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് നിയമപരമായി നേരിടാൻ തീരുമാനിച്ചു. പൊലീസിന്റെ ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ്. പൊലീസിന്റെ പാതിരാ പരിശോധനയെ ഇലക്ഷൻ ക്യാമ്പയിനിൽ മുഖ്യ പ്രചരണ വിഷയമാക്കാനും, വനിതാ നേതാക്കളെ അപമാനിച്ചതും രാഹുൽ മങ്കൂട്ടത്തിനെ കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചതും പ്രചരണവിഷയമാക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
മന്ത്രി എം ബി രാജേഷിന്റെ രാജിക്ക് വേണ്ടിയുള്ള പ്രചരണം ഇലക്ഷൻ ക്യാമ്പയിനിലൂടെ ആരംഭിക്കുമെന്നും, തെരഞ്ഞെടുപ്പിന് ശേഷം തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. പൊലീസ് നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയാതെയാണെന്നും, പിന്നിൽ എം ബി രാജേഷിന്റെ ഇടപെടലുണ്ടെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഈ കാര്യങ്ങൾ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ചേർന്ന് വിലയിരുത്തിയിരുന്നു.
അതേസമയം, പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കോൺഗ്രസിനെതിരെ സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരുഹതയില്ലെന്നും, കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ കേസെടുക്കുകയുള്ളൂവെന്നുമാണ് പൊലീസിന്റെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിൽ പിൻവാതിലിലൂടെ പുറത്ത് പോയെന്ന ആരോപണവും തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്.
Story Highlights: Congress files complaint with Election Commission against police action in Palakkad