കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറെ കുറിച്ചുള്ള വിവാദ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു വ്യക്തമാക്കി. ഡിസിസികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വൈകുന്നേരം അമിത് ഷായുടെ കോലം കത്തിക്കും.
“അംബേദ്കർ, അംബേദ്കർ, അംബേദ്കർ… എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുമായിരുന്നു” എന്ന അമിത് ഷായുടെ പ്രസ്താവനയിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധത പ്രകടമായെന്ന് എം. ലിജു ആരോപിച്ചു. ഡോ. അംബേദ്കറുടെ സംഭാവനകൾ പൂർണമായും മായ്ച്ചുകളഞ്ഞ് ചരിത്രം വളച്ചൊടിക്കാനാണ് അമിത് ഷായും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഡോക്ടർ ബി.ആർ. അംബേദ്കറിനെ അപമാനിച്ചുവെന്ന ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിഷേധിച്ചു. തന്റെ പ്രസംഗത്തെ കോൺഗ്രസ് വളച്ചൊടിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് അംബേദ്കർ വിരുദ്ധ പാർട്ടിയാണെന്നും ഭരണഘടന വിരുദ്ധ പാർട്ടിയാണെന്നും അമിത് ഷാ ആരോപിച്ചു.
രണ്ട് തെരഞ്ഞെടുപ്പുകളിൽ അംബേദ്കറിനെ തോൽപ്പിക്കാനുള്ള ഒരു വഴിയും കോൺഗ്രസ് പാഴാക്കിയില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. കോൺഗ്രസ് അംബേദ്കറിന് ഭാരതരത്നം നൽകിയില്ലെന്നും കോൺഗ്രസ് അധികാരത്തിൽ ഇല്ലാതിരുന്നപ്പോഴാണ് അംബേദ്കറിന് ഭാരതരത്നം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെഹ്റുവിന് അംബേദ്കറിനോട് വെറുപ്പായിരുന്നുവെന്നും നെഹ്റുവിന്റെ പുസ്തകങ്ങളിൽ തന്നെ അത് വ്യക്തമാണെന്നും അമിത് ഷാ ആരോപിച്ചു. നെഹ്റുവിന്റെയും ഇന്ദിരയുടെയും സഞ്ജയ് ഗാന്ധിയുടെയും സ്മാരകങ്ങൾ നിർമ്മിച്ചവർ അംബേദ്കറിന്റെ സ്മാരകം നിർമ്മിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: Congress to protest against Amit Shah’s controversial remarks on Dr. B.R. Ambedkar