ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കോൺഗ്രസിന്റെ മുന്നേറ്റം പ്രകടമായതോടെ, എഐസിസി ആസ്ഥാനത്തും ഡൽഹിയിലും പ്രവർത്തകർ ആഘോഷം ആരംഭിച്ചു. ലഡു വിതരണം ചെയ്തും പതാകയുമായി നൃത്തം ചെയ്തും പ്രവർത്തകർ സന്തോഷം പ്രകടിപ്പിച്ചു. ഭൂപീന്ദർ സിങ് ഹൂഡയുടെ വസതിയിലും ആഘോഷങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, ഹരിയാനയിലെ ബിജെപി ആസ്ഥാനം ശോകമൂകമായി ഒഴിഞ്ഞു കിടക്കുകയാണ്, മാധ്യമപ്രവർത്തകർ മാത്രമാണ് അവിടെയുള്ളത്.
ആദ്യ മണിക്കൂറിൽ തന്നെ കോൺഗ്രസ് വ്യക്തമായ ലീഡ് നേടി കേവല ഭൂരിപക്ഷം കടന്നു. മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ മന്ത്രിമാരും പിന്നിലാവുന്ന സ്ഥിതിയായിരുന്നു ഒരു ഘട്ടത്തിൽ. ഹരിയാനയിലെയും ജമ്മു കാശ്മീരിലെയും ജനങ്ങളുടെ പിന്തുണ തങ്ങൾക്കൊപ്പമാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പ്രതികരിച്ചു.
വലിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. അതിനുവേണ്ട പ്രയത്നങ്ങൾ ചെയ്തിട്ടുണ്ടെന്നും ഹരിയാനയിലെയും ജമ്മു കശ്മീരിലെയും ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമെന്ന് ഉറപ്പുണ്ടെന്നും ഖേര പറഞ്ഞു. എക്സിറ്റ് പോളുകളെ ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Congress workers celebrate early lead in Haryana elections at AICC headquarters