തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് ശക്തമായ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫലങ്ങൾ സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നുവെന്നും ലഭിക്കുന്ന വിവരങ്ങൾ തമ്മിൽ അന്തരമുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. കമ്മീഷന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ ട്രെൻഡുകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ താമസം നേരിടുന്നത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ അപ്ഡേറ്റ് ചെയ്തിരിക്കുന്ന റൗണ്ടുകളുടെ എണ്ണത്തിലും വോട്ടെണ്ണൽ കഴിഞ്ഞ യഥാർത്ഥ റൗണ്ടുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അട്ടിമറി നടന്നോ എന്നുള്ള കാര്യവും പരിശോധിക്കുന്നുണ്ടെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് ജയറാം രമേശ് ഹരിയാനയിലെ വോട്ടെണ്ണൽ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന് ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണോയെന്നും വിവരങ്ങൾ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം എക്സിൽ വിമർശിച്ചു. അതേസമയം, ഹരിയാനയിൽ നിലവിലെ ബിജെപിയുടെ സാഹചര്യങ്ങൾ അവലോകനം ചെയ്യാൻ അടിയന്തര യോഗം നടക്കുകയാണ്. ബിജെപി മുതിർന്ന നേതാവ് മനോഹർലാൽ ഘട്ടറിന്റെ വസതിയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രദാൻ എത്തി.
Story Highlights: Congress accuses Election Commission of slow result updates and discrepancies in Haryana and Jammu & Kashmir assembly elections