തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം ഉണ്ടായിരിക്കുന്നു. പൂരത്തിൽ പോലീസിന് ക്ലീൻ ചിറ്റ് നൽകിയതാണ് മുഖ്യമന്ത്രിയുടെ അമർഷത്തിന് കാരണം. പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് അജിത് കുമാർ റിപ്പോർട്ട് എഴുതിയത് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിഷയം മന്ത്രിസഭയിലെ കക്ഷി നേതാക്കളെയും അറിയിച്ചിട്ടുണ്ട്.
പോലീസും ജനങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് എങ്ങനെ പറയാനാകുമെന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് ചോദിച്ചു. പോലീസ് ചെയ്ത കാര്യങ്ങളെല്ലാം എല്ലാവരും കണ്ടതല്ലേ എന്നും അദ്ദേഹം സൂചിപ്പിച്ചു. തിങ്കളാഴ്ചക്കുള്ളിൽ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രിസഭയിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ ത്രിതല അന്വേഷണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എഡിജിപിക്കെതിരെ ഉൾപ്പെടെ അന്വേഷണം നടക്കും. എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായ അന്വേഷണ റിപ്പോർട്ട് ആയി കരുതാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൂരം അലങ്കോലമാക്കാൻ ഉള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി നടപടി എടുക്കാൻ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും, ഉദ്യോഗസ്ഥ വീഴ്ച അന്വഷിക്കാൻ ഇന്റലിജൻസ് എഡിജിപിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: CM Pinarayi Vijayan expresses strong displeasure over ADGP MR Ajith Kumar’s report on Thrissur Pooram incident