മണിയാർ വൈദ്യുത പദ്ധതിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തി. മുപ്പത് വർഷത്തെ ബിഒടി കരാർ കാലാവധി അവസാനിച്ചതിനാൽ കാർബറാണ്ടം കമ്പനിക്കിനി പദ്ധതിയിൽ അവകാശമില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാൽ, ബിഒടി കാലാവധി കഴിഞ്ഞ പദ്ധതിയുടെ കരാർ പുതുക്കുന്നതിന് അനുകൂലമായിട്ടാണ് മുഖ്യമന്ത്രി ഇടപെട്ടത്. മണിയാർ പദ്ധതിയുടെ കരാർ പുതുക്കുന്നതിൽ വ്യവസായ-വൈദ്യുതി മന്ത്രിമാർ തമ്മിൽ ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ ഇടപെടൽ.
പദ്ധതി തിരിച്ചെടുക്കാൻ കമ്പനിക്ക് കെഎസ്ഇബി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ തിരുത്ത്. കരാർ കാലാവധി കഴിഞ്ഞതിനാൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കാർബറാണ്ടത്തിൽ നിന്ന് പണം ഈടാക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരുന്നത്. അടുത്ത മാസം മുതൽ ബില്ല് നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, കെഎസ്ഇബിയുടെ ഈ തീരുമാനത്തിന് വിരുദ്ധമായി സർക്കാർ നയം വ്യത്യസ്തമാണെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
ഇതിനിടെ, 12 ഓളം ജല വൈദ്യുത കരാറുകളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്ന് രമേശ് ചെന്നിത്തല സബ്മിഷൻ അവതരിപ്പിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി കരാറിനടക്കം ഈ തീരുമാനം തിരിച്ചടിയാകുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. വകുപ്പുതല നിലപാടുകളിൽ ഭിന്നതയുണ്ടെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി സഭയിൽ തുറന്നു പറഞ്ഞു.
Story Highlights: Chief Minister Pinarayi Vijayan corrected Electricity Minister K. Krishnankutty in the assembly regarding the renewal of the Maniyar power project contract.