സഭാ തർക്കം: നിയമനിർമ്മാണത്തിന് യാക്കോബായ നീക്കം; എതിർപ്പുമായി ഓർത്തഡോക്സ് സഭ

Anjana

സഭാ തർക്കത്തിൽ നിയമനിർമ്മാണം നടത്തണമെന്ന നിലപാട് യാക്കോബായ വിഭാഗം സ്വീകരിച്ചതോടെ ഓർത്തഡോക്സ് വിഭാഗം എതിർപ്പുമായി രംഗത്തെത്തി. നിയമനിർമ്മാണം അംഗീകരിക്കില്ലെന്നും കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

സുപ്രീംകോടതി വിധി വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അത് പൂർണ്ണമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല. അടുത്തിടെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യാക്കോബായ വിഭാഗം വീണ്ടും നിയമനിർമ്മാണം വേണമെന്ന നിലപാട് ശക്തമാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള ചർച്ചകൾ മതിയെന്ന നിലപാടിൽ തന്നെയാണ് ഓർത്തഡോക്സ് സഭ. നിയമ നിർമ്മാണത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും സർക്കാർ വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും ഓർത്തഡോക്സ് സഭ അറിയിച്ചു. നിരവധി പള്ളികളിൽ ഇനിയും കോടതി വിധി നടപ്പാക്കാനുണ്ട്. കോടതിയിൽ നിന്നും വിമർശനവും വന്ന സാഹചര്യത്തിൽ സർക്കാരിന്റെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്.