വയനാട്ടിലെ ചൂരല്മല – മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച ടൗണ്ഷിപ്പ് പദ്ധതിയുടെ പിന്നാലെ, മന്ത്രി കെ രാജന് ഇന്ന് ജില്ലയിലെത്തി. രാവിലെ 10 മണിക്ക് ജില്ലാ കളക്ടറേറ്റില് അവലോകനയോഗം ചേരുന്ന മന്ത്രി, തുടര്ന്ന് സര്ക്കാര് ഏറ്റെടുക്കുന്ന എല്സ്റ്റണ്, നെടുമ്പാല എസ്റ്റേറ്റുകള് സന്ദര്ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ എസ്റ്റേറ്റുകളില് ആസ്തി പരിശോധനയുടെ ഭാഗമായുള്ള സര്വ്വേ നടപടികള് ഇന്നും തുടരും. രണ്ടാഴ്ചക്കുള്ളില്‍ എല്ലാ നടപടിക്രമങ്ങളും പൂര്ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
എന്നാല്, പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് നിര്മ്മാണത്തിന് പ്രഖ്യാപിച്ച 5 സെന്റ് ഭൂമി എന്ന നിര്ദ്ദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് രണ്ട് ആക്ഷന് കൗണ്സിലുകളും. നെടുമ്പാലയിലെ പോലെ എല്സ്റ്റണിലും 10 സെന്റ് ഭൂമി വീട് നിര്മ്മാണത്തിന് അനുവദിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉയര്ന്ന വിമര്ശനം പ്രധാനമായും സ്ഥലത്തിന്റെ വിസ്തീര്ണ്ണം സംബന്ധിച്ചാണ്. നെടുമ്പാല എച്ച്എംഎല് എസ്റ്റേറ്റില് 10 സെന്റ് ഭൂമിയില് വീട് നിര്മ്മിക്കുമ്പോള്, കല്പ്പറ്റ നഗരസഭയിലെ എല്സ്റ്റണ് എസ്റ്റേറ്റില് അത് 5 സെന്റ് മാത്രമാണെന്നതാണ് പ്രതിഷേധത്തിന് കാരണം.
പുനരധിവാസത്തിനായി തിരഞ്ഞെടുത്ത എസ്റ്റേറ്റുകളില് സര്വേ നടപടികള്ക്ക് ഇന്നലെ തുടക്കമായി. സ്പെഷ്യല്‍ ഓഫീസറും ഡെപ്യൂട്ടി കലക്ടറുമായ ജെ.ഒ അരുണിന്റെ നേതൃത്വത്തില്, കൃഷി, വനം, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് സര്വേ നടത്തുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തെ ആസ്തികളുടെ വിശദമായ വിവരശേഖരണമാണ് നടക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില് എല്ലാ നടപടികളും പൂര്ത്തിയാക്കി റിപ്പോര്ട്ട് സര്ക്കാരിന് സമര്പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് മുതല് നെടുമ്പാല എസ്റ്റേറ്റിലും സര്വേ ആരംഭിക്കും.
Story Highlights: Minister K Rajan visits Wayanad for Chooralmala-Mundakkai disaster victims’ rehabilitation