ഇടുക്കി ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി വിവാദമായിരിക്കുകയാണ്. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകി പ്രവർത്തനം നിർത്തിവെച്ച അഞ്ച് കെട്ടിടങ്ങൾക്കാണ് തദ്ദേശ സ്ഥാപനം അനുമതി നൽകിയത്.
സെക്രട്ടറിയുടെ നടപടി പരിശോധിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി. 2023-ൽ ഇടുക്കി ജില്ലയിലെ 57 കെട്ടിടങ്ങൾക്ക് നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
ഈ കെട്ടിടങ്ങളിൽ യാതൊരുവിധ പ്രവർത്തനങ്ങളും പാടില്ല എന്ന ഹൈക്കോടതിവിധിയും നിലവിലുണ്ട്. എന്നാൽ ഈ വിധി മറികടന്നാണ് ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി.
റവന്യൂ വകുപ്പിന്റെ നിർദ്ദേശാനുസരണം സ്റ്റോപ്പ് മെമ്മോ കൊടുത്ത 7 കെട്ടിടങ്ങളിൽ അഞ്ചെണ്ണത്തിന് അതേ സെക്രട്ടറി തന്നെ പ്രവർത്തന അനുമതിയും നൽകിയിരിക്കുന്നു. കോടതിവിധിയെ പറ്റി അറിവില്ലായിരുന്നു എന്നാണ് പഞ്ചായത്ത് സെക്രട്ടറി വിശദീകരിക്കുന്നത്.
അതേസമയം സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടങ്ങളിൽ ഏതെങ്കിലും തരത്തിൽ തുടർ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് റവന്യു വകുപ്പ്. ഈ സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി വലിയ വിവാദമായി മാറിയിരിക്കുകയാണ്.
Story Highlights: Panchayat Secretary in Chinnakanal, Idukki grants permission for buildings to operate, bypassing High Court order