ചൈനയിൽ ലോകത്തിലെ ആദ്യത്തെ 10G ബ്രോഡ്ബാൻഡ് നെറ്റ്വർക്ക് അവതരിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലൊന്നായ വാവേയും സർക്കാർ ഉടമസ്ഥതയിലുള്ള ചൈന യൂണികോമും ചേർന്നാണ് ഈ സംരംഭത്തിന് പിന്നിൽ. ഈ പുതിയ സാങ്കേതികവിദ്യ ഇന്റർനെറ്റ് വേഗതയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ടെലിമെഡിസിൻ, വിദൂര വിദ്യാഭ്യാസം, സ്മാർട്ട് കൃഷി തുടങ്ങിയ മേഖലകളിലും ഈ സാങ്കേതികവിദ്യ മികച്ച പുരോഗതി കൈവരിക്കാൻ സഹായിക്കും. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, സെൽഫ് ഡ്രൈവിംഗ് കാർ നെറ്റ്വർക്കുകൾ, കുറഞ്ഞ ലേറ്റൻസി ആവശ്യമുള്ള ആശയവിനിമയം തുടങ്ങിയ മേഖലകളിലും ഈ സാങ്കേതികവിദ്യയ്ക്ക് വലിയ സംഭാവന നൽകാൻ കഴിയും. ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5G വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചൈന ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഈ വൻ കുതിപ്പ് നടത്തിയിരിക്കുന്നത്.
പരമ്പരാഗത ഫൈബർ ഒപ്റ്റിക് സാങ്കേതികവിദ്യയെക്കാൾ മികച്ച ഡാറ്റാ ട്രാൻസ്മിഷൻ വേഗതയാണ് ഈ പുതിയ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത്. സെക്കൻഡിൽ 9,834 മെഗാബൈറ്റ്സ് ആണ് നെറ്റ്വർക്കിന്റെ വേഗത. 20 ജിബി വലിപ്പമുള്ള ഒരു 4K സിനിമ ഡൗൺലോഡ് ചെയ്യാൻ 1 ജിബിപിഎസ് വേഗതയിൽ ഏകദേശം 10 മിനിറ്റ് എടുക്കുമ്പോൾ, 10G ബ്രോഡ്ബാൻഡിൽ ഇത് വെറും 20 സെക്കൻഡ് മാത്രമായി ചുരുങ്ങും.
ഒരു കണ്ണിമയ്ക്കുള്ളിൽ സിനിമ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്നാണ് ഇതിനർത്ഥം. ഈ പുതിയ സാങ്കേതികവിദ്യ ഇന്റർനെറ്റ് ഉപയോഗത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ചൈനയുടെ സാങ്കേതിക മേഖലയിലെ മുന്നേറ്റത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ പുതിയ നേട്ടം.
Story Highlights: China launches the world’s first 10G broadband network, promising significantly faster download speeds and advancements in various sectors.