ചൈനയിൽ ജനന നിരക്ക് കുത്തനെ കുറഞ്ഞതിനെ തുടർന്ന് നഴ്സറികൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ കിന്റർഗാർട്ടനുകളിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2022ൽ 289,200 കിന്റർഗാർട്ടനുകൾ ഉണ്ടായിരുന്നത് 2023ൽ 274,400 ആയി കുറഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ പല കിന്റർഗാർട്ടനുകളും വയോജന കേന്ദ്രങ്ങളാക്കി മാറ്റി. ജനസംഖ്യ വർധന നിയന്ത്രിക്കാൻ എടുത്ത നടപടികൾ രാജ്യത്തിന് തിരിച്ചടിയായി. തുടർച്ചയായ രണ്ടാം വർഷമാണ് ചൈനയിലെ ജനസംഖ്യയിൽ കുറവുണ്ടാകുന്നത്. ഇത് ഭാവിയിലെ സാമ്പത്തിക വളർച്ചയെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
കിന്റർഗാർട്ടനിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2023ൽ 40.9 മില്യൻ കുട്ടികളാണ് പ്രീസ്കൂളിൽ ചേർന്നത്, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറവാണ്. പല പ്രവിശ്യകളിലും രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികളുള്ളവർക്ക് സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, തെക്കൻ ചൈനയിലെ ഗുവാൻങ്ഡോങ് പ്രവിശ്യയിൽ രണ്ടാമത്തെ കുട്ടിക്ക് 10,000 യുവാനും മൂന്നാമത്തെ കുട്ടിക്ക് 30,000 യുവാനുമാണ് സബ്സിഡി പ്രഖ്യാപിച്ചത്.
Story Highlights: China closes thousands of kindergartens as birth rates plummet