റീചാർജ് ചെയ്യാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്ഫോണുകൾ, ഇ-ബൈക്കുകൾ എന്നിങ്ങനെ നിരവധി ഉപകരണങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്. ഇവയ്\u200ക്കെല്ലാം ചാർജറുകളും ഉണ്ടാകും. സ്വിച്ച് ഓഫ് ചെയ്താലും ചാർജറുകൾ പ്ലഗ് പോയിന്റിൽ തന്നെ വെക്കുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാവാം.
ചാർജറുകൾ എപ്പോഴും പ്ലഗ് ഇൻ ചെയ്തു വെക്കുന്നത് അത്ര നല്ലതല്ലെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ കിടക്കയ്ക്ക് സമീപം ഒരു ഫോൺ ചാർജർ പ്ലഗ് ഇൻ ചെയ്തിട്ടുണ്ടാകാം. ഇത് ഭിത്തിയിൽ വെച്ച് ഓഫ് ചെയ്യാനോ ഉപയോഗത്തിലില്ലാത്തപ്പോൾ പ്ലഗ് ഊരാനോ നമ്മുക്ക് മടിയാണ്. എന്നാൽ സ്വിച്ച് ഓഫ് ചെയ്യാതെ ചാർജർ പ്ലഗ്ഗിൽ കുത്തിയിട്ടാൽ അത് ചെറിയ അളവിൽ കറന്റ് വലിച്ചുകൊണ്ടിരിക്കും.
ചാർജറുകൾ മാത്രമല്ല, ടിവി, മിക്സി, ഫ്രിഡ്ജ് തുടങ്ങിയ എല്ലാ വൈദ്യുത ഉപകരണങ്ങൾക്കും വാമ്പയർ പവർ ഉണ്ടാവാറുണ്ട്. ഒരു വീട്ടിലെ എല്ലാ ഉപകരണങ്ങളും ഇത്തരത്തിൽ പ്ലഗ് ചെയ്ത് വെക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുത നഷ്ടം വളരെ വലുതായിരിക്കും. ഒരു മൊബൈൽ ചാർജറോ, ലാപ്ടോപ് ചാർജറോ മാത്രം ഇത്തരത്തിൽ പ്ലഗ് ചെയ്ത് വെച്ചിരുന്നാൽ ഉണ്ടാകുന്ന വൈദ്യുതി നഷ്ടം വളരെ കുറഞ്ഞ അളവിലായിരിക്കും.
സാധാരണയായി, എല്ലാ ചാർജറുകളും ഒരുപോലെയല്ല. ആപ്ലിക്കേഷനും വൈദ്യുതി ആവശ്യകതയും അനുസരിച്ച്, അവയുടെ ഘടനയിൽ മാറ്റങ്ങൾ വരാം. വാൾ പ്ലഗിൽ നിന്ന് എസി (ആൾട്ട് കറന്റ്) എടുത്ത് അതിനെ ഉപകരണത്തിന്റെ ബാറ്ററിക്ക് ആവശ്യമായ ലോ-വോൾട്ടേജ് ഡിസി (ഡയറക്ട് കറന്റ്) ആക്കി മാറ്റുകയാണ് ചാർജറുകളുടെ പ്രധാന ധർമ്മം.
ആധുനിക ചാർജറുകൾ സ്റ്റാൻഡ്ബൈ പവർ ഉപഭോഗം കുറയ്ക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വൈദ്യുതി പ്രവഹിക്കുമ്പോൾ, പ്രത്യേകിച്ചും വൈദ്യുതി ഗ്രിഡ് വോൾട്ടേജ് അതിന്റെ റേറ്റുചെയ്ത മൂല്യത്തിന് മുകളിൽ ഉയരുമ്പോൾ, ചാർജറുകൾക്ക് തേയ്മാനം സംഭവിക്കാം. “വാമ്പയർ പവർ” എന്നത് ഒരു യാഥാർത്ഥ്യമാണ്.
ചാർജറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ, ചൂടാവുകയോ ചെയ്താൽ ഉടൻ തന്നെ മാറ്റുന്നത് നല്ലതാണ്. വാമ്പയർ പവറിലൂടെ ചാർജറിലെത്തുന്ന വൈദ്യുതി താപമായി പുറത്ത് വരുമ്പോൾ ചാർജർ ചൂടാകാൻ സാധ്യതയുണ്ട്. ‘ഈ വൈദ്യുതിയുടെ ഒരു ഭാഗം താപമായി പുറത്ത് വിടുകയും ചെറിയ ഭാഗം നിയന്ത്രിത, സംരക്ഷിത സർക്യൂട്ടുകളുടെ പ്രവർത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.
Story Highlights: സ്വിച്ച് ഓഫ് ചെയ്യാതെ ചാർജറുകൾ പ്ലഗ്ഗിൽ വെച്ചാൽ വൈദ്യുതി നഷ്ടം സംഭവിക്കാമെന്ന് പഠനങ്ങൾ പറയുന്നു.