വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ നിയോഗിച്ച് കേന്ദ്രം

Anjana

Wayanad landslide rescue operations

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ സംഭവിച്ച ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ സൈനിക സംഘത്തെ നിയോഗിച്ചു. 200 അംഗങ്ങളുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിനായി എത്തുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും ദുരന്തമേഖലയിലേക്ക് എത്തും. കണ്ണൂരിലെ സൈനിക ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും നാവികസേനാ സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നാവികസേനയുടെ സഹായം അഭ്യർത്ഥിച്ചത്. നാവികസേനയുടെ റിവർ ക്രോസിംഗ് ടീമിന്റെ സഹായമാണ് തേടിയത്. ഏഴിമല നാവിക അക്കാദമിയിൽ നിന്നുള്ള സംഘം വയനാട്ടിലേക്ക് എത്തും. ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. ഏറ്റവും ഒടുവിൽ ലഭിച്ച വിവരമനുസരിച്ച് 57 പേരാണ് മരിച്ചത്. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. ബെംഗളൂരുവിൽ നിന്നുള്ള സൈന്യത്തിന്റെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് (MEG) ആണ് എത്തുന്നത്. കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു.

Story Highlights: Center deploys army team for rescue operations in Wayanad landslide