മുനമ്പത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് സിബിസിഐ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. നീതി നിഷേധിക്കപ്പെട്ട ആളുകളാണ് മുനമ്പത്തേതെന്നും, പണം കൊടുത്തു വാങ്ങുകയും കരമടയ്ക്കുകയും ചെയ്യുന്ന ഭൂമി നഷ്ടപ്പെടുമ്പോൾ വേദനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമ ഭേദഗതി നീതിനിഷ്ഠമാകണമെന്നും മനുഷ്യരുടെ പ്രശ്നങ്ങളും മതസ്വാതന്ത്ര്യവും പാലിക്കപ്പെടണമെന്നും മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
മുനമ്പം ഭൂപ്രശ്നത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്എൻഡിപിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർത്തു. ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെയാണ് മനുഷ്യചങ്ങല തീർത്തത്. എസ്എൻഡിപി യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുനമ്പത്തെ ജനങ്ങൾക്ക് സംരക്ഷണമൊരുക്കണമെന്നും താമസക്കാരെ കുടിയൊഴിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബർ 13-നാണ് പ്രദേശവാസികൾ റിലേ നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന് ബിജെപി ഉൾപ്പടെ പിന്തുണ നൽകിയിട്ടുണ്ട്. അതിനിടെ മുനമ്പത്ത് ഭൂമി തർക്കത്തിൽ വഖഫ് അവകാശവാദത്തെ സമസ്ത എ പി വിഭാഗം മുഖപത്രം സിറാജ് അനുകൂലിച്ചു. വഖഫ് ഭൂമി വിൽപ്പന നടത്തിയത് ക്രിമിനൽ ഗൂഢാലോചനയാണെന്നും മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ നീക്കങ്ങളെ സംശയത്തോടെ കാണുന്നുവെന്നും മുഖപ്രസംഗം വിമർശിക്കുന്നു. മത സാമുദായിക വ്യത്യാസമില്ലാതെ മുനമ്പം ജനതയുടെ ഭൂസംരക്ഷണ സമരത്തിന് ഐക്യദാർഢ്യം ഏറി വരുന്ന സാഹചര്യത്തിലാണ് സിറാജിലെ മുഖപ്രസംഗം ചർച്ചയാകുന്നത്.
Story Highlights: CBCI President Mar Andrews Thazhath calls for justice for Munambam residents in land dispute