ചൈനയിലെ ചോങ്കിംഗിൽ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ ജോലി വളർത്തുപൂച്ചയുടെ ഒറ്റ ക്ലിക്കിലൂടെ നഷ്ടമായി. ജനുവരി അഞ്ചിനാണ് സംഭവം നടന്നത്. ജോലി രാജിവയ്ക്കണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായിരുന്ന യുവതി, രാജിക്കത്ത് ടൈപ്പ് ചെയ്ത് ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്നു. ഒൻപത് പൂച്ചകളോടൊപ്പം താമസിക്കുന്ന ഈ യുവതിക്ക് പൂച്ചകളുടെയും തന്റെയും ചിലവിനായി ഈ ജോലി ആവശ്യമാണെന്ന് പിന്നീട് തോന്നി.
യുവതിയുടെ മേശപ്പുറത്തേക്ക് ചാടിക്കയറിയ പൂച്ച ലാപ്ടോപ്പിലെ എന്റർ ബട്ടൺ അമർത്തിയതോടെയാണ് ജോലി നഷ്ടമായത്. ടൈപ്പ് ചെയ്ത് വച്ചിരുന്ന രാജിക്കത്ത് അടങ്ങിയ ഇമെയിൽ തൊഴിൽ മേധാവിക്ക് പോയി. കമ്പനി മെയിൽ സ്വീകരിച്ചതോടെ യുവതിക്ക് ജോലിയും വർഷാവസാനം ലഭിക്കാനിരുന്ന ബോണസും നഷ്ടമായി.
സംഭവം വിശദീകരിക്കാൻ യുവതി ബോസിനെ ബന്ധപ്പെട്ടു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ തെളിവായി നൽകാമെന്ന് യുവതി പറഞ്ഞെങ്കിലും ബോസ് അത് നിരസിച്ചു. പൂച്ചകളെ നോക്കാനും നിത്യച്ചെലവിനുമുള്ള ഏക വരുമാനമാർഗം നഷ്ടമായതോടെ പുതിയ ജോലിക്കായുള്ള അന്വേഷണത്തിലാണ് യുവതി.
സംഭവം സത്യമാണെന്നും സിസിടിവി ദൃശ്യങ്ങൾ തെളിവായി തന്റെ പക്കലുണ്ടെന്നും യുവതി അവകാശപ്പെടുന്നു. സോഷ്യൽ മീഡിയയിൽ വാർത്ത വൈറലായതോടെ നിരവധി പേർ പ്രതികരണവുമായി എത്തി.
Story Highlights: A woman in China lost her job and bonus after her pet cat accidentally sent a resignation email.