ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയ്ക്കെതിരെ സമൂഹമാധ്യമത്തിൽ മോശം പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കെതിരെ കേസെടുത്തു. ദേശീയ വനിതാ കമ്മീഷൻ ഡൽഹി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പാണ് മഹുവയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഉത്തർപ്രദേശിലെ ഹാഥ്റസിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് ആളുകൾ മരിച്ച സ്ഥലം സന്ദർശിക്കുന്ന രേഖ ശർമയുടെ വീഡിയോയ്ക്ക് താഴെയാണ് മഹുവ മോശം കമൻറിട്ടത്.
ഹാഥ്റസിലെത്തിയ രേഖ ശർമയ്ക്ക് മറ്റൊരാൾ കുടപിടിച്ചുകൊടുക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്തുകൊണ്ട് രേഖാ ശർമയ്ക്ക് കുട സ്വയം ചൂടിക്കൂടായെന്ന് ഒരു എക്സ് അക്കൗണ്ട് ചോദ്യം ഉയർത്തിയപ്പോൾ, ‘തന്റെ ബോസിന്റെ പൈജാമ താങ്ങുന്ന’ തിരക്കിലാണ് രേഖ ശർമ എന്നായിരുന്നു മഹുവയുടെ കമന്റ്.
വനിത കമ്മീഷൻ കഴിഞ്ഞ ദിവസം മഹുവയ്ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. മഹുവയ്ക്കെതിരെ കേസെടുത്ത് നടപടികളെക്കുറിച്ച് മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകാൻ വനിതാ കമ്മിഷൻ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഈ സംഭവം രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.











