പാൻക്രിയാറ്റിക്, കൊളോറെക്ടൽ കാൻസറുകൾ തടയാൻ വാക്സിൻ പരീക്ഷണം നടത്തുന്നു. ഇംഗ്ലണ്ടിലെ NHS കാൻസർ വാക്സിനാണ് CVLP (Cancer Vaccine Launch Pad) വഴി രോഗികളിൽ പരീക്ഷിക്കുന്നത്. ദി ഗാർഡിയൻ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാൻസർ ചികിത്സയ്ക്ക് ശേഷം രോഗം തിരികെ വരാതിരിക്കാൻ സഹായിക്കുന്ന വാക്സിൻ കണ്ടുപിടിച്ച് ഗവേഷകർ. ശസ്ത്രക്രിയക്ക് ശേഷം കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഇത് രോഗപ്രതിരോധശേഷി കൂട്ടും. അതുവഴി കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ഈ വാക്സിനെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് കാലിഫോർണിയ സർവ്വകലാശാലയിലെ ഓങ്കോളജിസ്റ്റും പഠനത്തിന്റെ സഹരചയിതാവുമായ പ്രൊഫ. സെവ് വെയ്ൻബർഗ് പറയുന്നു. പാൻക്രിയാറ്റിക്, വൻകുടൽ കാൻസറുകളുടെ തിരിച്ചുവരവ് തടയാൻ വാക്സിന് സാധിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എംആർഎൻഎ കുത്തിവയ്പ്പുകളേക്കാൾ വളരെ വേഗത്തിൽ ലഭ്യമാവുന്നതും വിലകുറഞ്ഞതുമാണ് ഈ വാക്സിൻ.
വാക്സിനിൽ അമിനോ ആസിഡുകളുടെ നീണ്ട ശൃംഖലകളും പെപ്റ്റൈഡുകളും അടങ്ങിയിരിക്കുന്നു, ഇത് പ്രോട്ടീനുകളുടെ നിർമ്മാണ ബ്ലോക്കുകളാണ്. മ്യൂട്ടേഷനുകളുള്ള കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിലെ ടി-കോശങ്ങളെ വാക്സിൻ പരിശീലിപ്പിക്കുന്നു.
‘നേച്ചർ മെഡിസിൻ ജേണലിൽ’ പ്രസിദ്ധീകരിച്ച പഠനത്തിൽ, ELI-002 2p എന്ന വാക്സിൻ പാൻക്രിയാറ്റിക് കാൻസറിന് ശസ്ത്രക്രിയ നടത്തിയ 20 രോഗികൾക്കും വൻകുടൽ കാൻസറിന് ശസ്ത്രക്രിയ നടത്തിയ 5 രോഗികൾക്കും പരീക്ഷിച്ചുവെന്ന് വെയ്ൻബർഗും സംഘവും പറയുന്നു. ഏകദേശം 20 മാസത്തെ ശരാശരി ഫോളോ-അപ്പിൽ, രോഗികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചതായി കണ്ടെത്തി: കുത്തിവയ്പ്പിന് ശക്തമായ രോഗപ്രതിരോധ പ്രതികരണമുള്ള 17 പേരും ദുർബലമായ പ്രതികരണമുള്ള എട്ട് പേരും.
കൂടാതെ മറ്റ് ചികിത്സകളെക്കാൾ വിഷാംശം കുറഞ്ഞതുമാണ് ഈ വാക്സിൻ. കാൻസർ രോഗികളിൽ ശസ്ത്രക്രിയ പോലുള്ള ചികിത്സകൾക്കു ശേഷം തിരിച്ചുവരുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഇത് സഹായിക്കുന്നു.
Story Highlights: കാൻസർ തിരിച്ചുവരുന്നത് തടയാൻ വാക്സിൻ സഹായിക്കുമെന്ന് പഠനം.