അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ യാത്രിക സുനിതാ വില്യംസിന്റെയും വിൽമോർ ബുച്ചിന്റെയും തിരിച്ചുവരവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നടക്കുകയാണ്. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം തകരാറിലായതിനെ തുടർന്നാണ് ഈ ചർച്ചകൾ ഉയർന്നുവന്നത്. സ്റ്റാർലൈനറിൽ തന്നെയുള്ള ഇരുവരുടെയും മടങ്ങിവരവിന്റെ സാധ്യത നാസ പരിശോധിക്കുന്നുണ്ട്. ഇതിൽ അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ഇരുവരുടെയും മടങ്ങി വരവിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് (ഐഎസ്ആർഒ) സഹായിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മറുപടി നൽകിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഐഎസ്ആർഒയ്ക്ക് നേരിട്ടുള്ള സഹായം നൽകാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശത്തേക്ക് ചെന്ന് സുനിതയെ രക്ഷിക്കാനുള്ള ഒരു സ്പേസ്ക്രാഫ്റ്റ് ഐഎസ്ആർഒയുടെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയ്ക്കും യുഎസിനും മാത്രമേ സുനിതയേയും ബുച്ചിനേയും തിരിച്ചെത്തിക്കാൻ സാധിക്കുകയുള്ളൂവെന്ന് സോമനാഥ് വിശദീകരിച്ചു. യുഎസിന്റെ പക്കൽ ക്രൂ ഡ്രാഗണും റഷ്യയുടെ പക്കൽ സോയൂസുമുണ്ടെന്നും ഇതിലേതെങ്കിലും ഉപയോഗിച്ച് ഇരുവരെയും തിരിച്ചെത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർലൈനർ പേടകത്തിനും ബഹിരാകാശത്തുള്ള രണ്ട് യാത്രികർക്കും നിലവിൽ ഗുരുതരമായ എന്തെങ്കിലും പ്രശ്നമുള്ളതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുനിതയുടെയും ബുച്ചിന്റെയും മടങ്ങി വരവിന് സ്റ്റാർലൈനർ സുരക്ഷിതമാണോ എന്നത് ഇന്ന് ചേരുന്ന നാസ ഉന്നതതല യോഗം തീരുമാനിക്കുമെന്നും അറിയുന്നു.
Story Highlights: ISRO Chairman S Somanath clarifies ISRO’s inability to directly assist in Sunita Williams’ return from ISS