കാലിക്കറ്റ് യൂണിവേഴ്സിറ്റി സിലബസിൽ റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ തുടരും. പാട്ടുകൾ ഒഴിവാക്കാൻ വിദഗ്ദ്ധ സമിതി നിർദ്ദേശം നൽകിയെങ്കിലും, സിലബസിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ബോർഡ് ഓഫ് സ്റ്റഡീസ് തീരുമാനിച്ചു. ബോർഡ് ഓഫ് സ്റ്റഡീസിനും അക്കാഡമിക് കൗൺസിലിനുമാണ് സർവകലാശാല സിലബസിൽ തീരുമാനമെടുക്കാൻ അധികാരമെന്ന് മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോ. എം.എസ്.അജിത് ട്വന്റിഫോറിനോട് പറഞ്ഞു.
വേടന്റെ പാട്ട് ഉത്തമ ബോധ്യത്തോടെയാണ് സിലബസിൽ ഉൾപ്പെടുത്തിയതെന്ന് ഡോ. എം.എസ്.അജിത് വ്യക്തമാക്കി. സിലബസ് മറ്റൊരാൾ പരിശോധിച്ച് നൽകുന്ന നിർദേശങ്ങൾ സ്വീകരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗികമായി ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.
വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ , ഗൗരിലക്ഷ്മിയുടെ ‘അജിത ഹരേ’ എന്നീ ഗാനങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പാട്ടുകൾ പൂർണ്ണമായി ആലോചിച്ച് വിശകലനം ചെയ്ത ശേഷം ഉൾപ്പെടുത്തിയതാണെന്നും അതിനാൽ പിൻവലിക്കേണ്ട ആവശ്യമില്ലെന്നും എം.എസ്. അജിത് അഭിപ്രായപ്പെട്ടു.
മുൻ മലയാളം വിഭാഗം മേധാവി എം.എം. ബഷീറാണ് പാട്ടുകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ട് വിസിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, ഈ നിർദ്ദേശം ബോർഡ് ഓഫ് സ്റ്റഡീസിന് വിസി നൽകാനിരിക്കെയാണ് ഡോ. എം.എസ്.അജിത് നിലപാട് വ്യക്തമാക്കിയത്. റാപ് സംഗീതത്തിന് സാഹിത്യപരമായ ഇഴയടുപ്പമില്ലെന്നും റാപ് ഒരു ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്നും ബഷീറിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ഉണ്ടാക്കിയ സിലബസ് മറ്റൊരാൾ പരിശോധിച്ച് നൽകുന്ന നിർദേശങ്ങൾ സ്വീകരിക്കില്ലെന്നും ഉത്തമബോധ്യത്തോടെ വെച്ച കാര്യം തുടർന്നുകൊണ്ടുപോകുമെന്നും അദേഹം കൂട്ടിച്ചേർത്തു. സിലബസിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഡോ. എം.എസ്. അജിത് ആവർത്തിച്ചു.
സിലബസിൽ ഉൾപ്പെടുത്തിയ പാട്ടുകൾ നീക്കം ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി. വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നും അധികൃതർ സൂചിപ്പിച്ചു.
Story Highlights: കാലിക്കറ്റ് യൂണിവേഴ്സിറ്റി സിലബസിൽ റാപ്പർ വേടന്റെ പാട്ട് തുടരും; മാറ്റം വരുത്തേണ്ടതില്ലെന്ന് ബോർഡ് ഓഫ് സ്റ്റഡീസ്.