പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നിട്ടും അന്വേഷണം വൈകിപ്പിക്കുന്നത് കൃഷ്ണകുമാറിന് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്ന് തിരൂർ സതീഷ് ആരോപിച്ചു. കേസ് നടക്കുന്ന സമയത്ത് ബിജെപിയുടെ ജനറൽ സെക്രട്ടറിയും ജില്ലയുടെ ചുമതലക്കാരനുമായിരുന്ന കൃഷ്ണകുമാറിന് അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് നല്ല അറിവുണ്ടെന്നും അതുകൊണ്ട് അന്വേഷണം ബോധപൂർവ്വം വൈകിപ്പിക്കുകയാണോ എന്നാണ് സംശയമെന്നും സതീഷ് കൂട്ടിച്ചേർത്തു.
തന്റെ വെളിപ്പെടുത്തൽ വന്ന് 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി ഉണ്ടായിട്ടില്ലെന്നും അന്വേഷണം വൈകുന്നതുപോലും ഭീഷണിയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും സതീഷ് പറഞ്ഞു. എന്നാൽ നല്ല രീതിയിലുള്ള അന്വേഷണമാണ് വരുന്നതെങ്കിൽ പൂർണ്ണമായി സഹകരിക്കുമെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളിൽ വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ തെളിവുകളും രേഖകളും അന്വേഷണ സംഘത്തിന് കൈമാറുമെന്നും സതീഷ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലായിരുന്നു തിരൂർ സതീഷ് നടത്തിയത്. കുഴൽപ്പണം കടത്തിയ ധർമ്മരാജൻ ബിജെപി ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നും നാല് ചാക്ക് കെട്ടുകളിലായി ആറുകോടി രൂപ എത്തിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തൽ. സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക നടപടികൾ പോലും ഇതുവരെയും പ്രത്യേക അന്വേഷണ സംഘത്തിന് ആരംഭിക്കാനായില്ല. ഡിഐജി തോംസൺ ജോസിന് മേൽനോട്ട ചുമതല നൽകിയുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഇരിങ്ങാലക്കുട കോടതി 21ന് പരിഗണിക്കും.
Story Highlights: Former BJP office secretary Thiroor Satheesh accuses C Krishnakumar of delaying investigation in Kodakara money laundering case