ഹൈദരാബാദ്: ഇലോൺ മസ്കിന്റെ ടെസ്ല ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ചൈനീസ് വൈദ്യുത വാഹന നിർമ്മാതാക്കളായ ബിവൈഡി ഇന്ത്യയിൽ തന്നെ ഉൽപ്പാദനം ആരംഭിക്കാനുള്ള ശ്രമത്തിലാണ്. തെലങ്കാനയിൽ ഹൈദരാബാദിനടുത്ത് 500 ഏക്കറിൽ പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യതകൾ ബിവൈഡി പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംസ്ഥാന സർക്കാർ മൂന്ന് സ്ഥലങ്ങളാണ് കമ്പനിക്ക് നിർദ്ദേശിച്ചിരിക്കുന്നത്. വിപണിയിലെ മുന്നേറ്റം ബിവൈഡിയുടെ ലാഭം 34 ശതമാനം ഉയർത്തി 4030 കോടി ഡോളറിലെത്തിച്ചു.
ടെസ്ല ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകളുമായെത്തുമ്പോൾ, ഇന്ത്യയിൽ ഉത്പാദനം തുടങ്ങാനാണ് ബിവൈഡിയുടെ പദ്ധതി. കമ്പനി അധികൃതരുടെ പരിശോധന പൂർത്തിയാക്കിയ ശേഷമാകും എവിടെ പ്ലാന്റ് വേണമെന്ന് തീരുമാനിക്കുക. കഴിഞ്ഞ വർഷം 10,720 കോടി ഡോളർ വിറ്റുവരവാണ് ബിവൈഡിക്കുണ്ടായത്. എന്നാൽ ടെസ്ലയ്ക്ക് 9770 കോടി ഡോളർ മാത്രമാണ് വിറ്റുവരവ്.
സംസ്ഥാന സർക്കാരുമായി ഇക്കാര്യത്തിൽ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. ചൈനീസ് വിപണിയിൽ അഞ്ച് മാസമായി ടെസ്ലയുടെ വിൽപ്പനയിൽ ഇടിവ് തുടരുകയാണ്. ഫെബ്രുവരിയിൽ ടെസ്ലയുടെ കയറ്റുമതിയിൽ 49 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഉയർന്ന സാങ്കേതികവിദ്യയും വിലക്കുറവുമാണ് ബിവൈഡിയെ വിപണിയിൽ പ്രിയങ്കരനാക്കുന്നത്.
പദ്ധതിയുമായി കമ്പനി മുന്നോട്ടുപോയാൽ വൈദ്യുതവാഹനരംഗത്ത് രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാകും ബിവൈഡിയിലൂടെ തെലങ്കാനയിലേക്കെത്തുക. ഇതിൽ അന്തിമ തീരുമാനം ആയാൽ എത്രയും പെട്ടെന്ന് തന്നെ കരാർ ഒപ്പിടുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും. ചൈനയിൽ വൈദ്യുതവാഹന വിൽപ്പനയിൽ ടെസ്ല അഞ്ചാം സ്ഥാനത്താണ്.
Story Highlights: BYD, a Chinese electric vehicle manufacturer, is planning to set up a manufacturing plant in Telangana, India, as Tesla prepares to enter the Indian market.