മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും സ്വതന്ത്ര ഇന്ത്യയുടെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ അവതരിപ്പിക്കുന്നത്. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. തുടർച്ചയായ ഏഴാം ബജറ്റ് എന്ന റെക്കോഡ് നേട്ടത്തിന് അരികെയാണ് നിർമലാ സീതാരാമൻ. എന്നാൽ മുമ്പത്തേപ്പോലെ എളുപ്പമല്ല കാര്യങ്ങൾ. സഖ്യ താത്പര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
മികച്ച സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട നികുതി-കുതിയേതര വരുമാനം, RBIയിൽ നിന്ന് കിട്ടിയ ഡിവിഡന്റ് എന്നിവ അനുകൂല ഘടകങ്ങളാണ്. എന്നാൽ സാമ്പത്തിക അസമത്വം, ഭക്ഷ്യ വിലക്കയറ്റം, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവ വെല്ലുവിളി ഉയർത്തുന്നു. എൻ ചന്ദ്ര ബാബു നായിഡുവും നിതീഷ് കുമാറും ബജറ്റിൽ വൻ വിഹിതം ആവശ്യപ്പെട്ടിരിക്കുന്നു. പ്രത്യേക പദവി ബിഹാറിന് നൽകില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ബജറ്റിൽ പരിഗണിക്കേണ്ടി വരും.
കേരളം കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീരുമാനം, റെയിൽവേ വികസനത്തിനുള്ള വിഹിതം, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവ സംസ്ഥാനം പ്രതീക്ഷിക്കുന്നു. 24,000 കോടിയുടെ പ്രത്യേക പാക്കേജ്, വിഴിഞ്ഞം പ്രത്യേക നിക്ഷേപം, കോഴിക്കോട്-വയനാട് തുരങ്കപാതയ്ക്കുള്ള സഹായം എന്നിവയും പ്രതീക്ഷയിലുണ്ട്. റബറിന്റെ താങ്ങുവില ഉയർത്താനും കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള വിഹിതം വർധിപ്പിക്കാനുമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.