കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ വില കുറയുമെന്ന് ധനമന്ത്രി അറിയിച്ചു. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനം കുറച്ചതായും അദ്ദേഹം വ്യക്തമാക്കി. ലെതർ ഉൽപ്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വിലയിലും കുറവുണ്ടാകും. എന്നാൽ പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് തീരുവ കൂട്ടുന്നതിനാൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വില ഉയരും.
സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പെടെ മൂന്ന് ഉൽപ്പന്നങ്ങൾക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയുടെ വിലയിലും കുറവുണ്ടാകും. ക്യാൻസർ ചികിത്സയ്ക്ക് ആവശ്യമായ മൂന്ന് മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി. മൊബൈൽ ഫോൺ ചാർജറുകളുടെയും അമോണിയം നൈട്രേറ്റിന്റെയും വില കുറയും. എന്നാൽ എക്സ്റേ ട്യൂബുകൾക്കും മെഷീനുകൾക്കും വില കൂടും.
കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു. നികുതിദായകരിൽ മൂന്നിൽ രണ്ട് പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇരുപത് ധാതുക്കളുടെ കസ്റ്റംസ് തീരുവയും കുറച്ചതായി അറിയിച്ചു.