കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ്; ബിഹാറിനും ആന്ധ്രക്കും പ്രത്യേക പദ്ധതികൾ

Anjana

ധനമന്ത്രി നിർമലാ സീതാരാമൻ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കിഴക്കൻ സംസ്ഥാനങ്ങൾക്കും ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചു. ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് പ്രത്യേക പാക്കേജ് അനുവദിച്ചത്. ബിഹാറിന് പുതിയ എയർപോർട്ടുകളും മെഡിക്കൽ കോളജുകളും പ്രഖ്യാപിച്ചതോടൊപ്പം ഹൈവേകൾക്ക് 26,000 കോടി രൂപയും വകയിരുത്തി.

ആന്ധ്രപ്രദേശിന്റെ മൂലധന ആവശ്യങ്ങൾ മനസിലാക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആന്ധ്രയുടെ വ്യവസായ വികസനത്തിന് പ്രത്യേക സഹായം നൽകുമെന്നും അവർ അറിയിച്ചു. ചെന്നൈ-വിശാഖപട്ടണം-ബംഗളൂരു-ഹൈദരാബാദ് പ്രത്യേക വ്യാവസായിക ഇടനാഴി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. ആന്ധ്രയുടെ തലസ്ഥാന നഗര വികസനത്തിനായി 15,000 കോടി രൂപയുടെ പ്രത്യേക ധനസഹായവും അനുവദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ പോസ്റ്റൽ പേമെന്റ് ബാങ്കുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതുവഴി 63,000 ഗ്രാമങ്ങളിലെ ആദിവാസി വിഭാഗങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നും അവർ പറഞ്ഞു. കിഴക്കൻ സംസ്ഥാനങ്ങൾക്കായി പൂർവോദയ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതികളിലൂടെ കിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നു.