ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) പുതിയ ലോഗോ പുറത്തിറക്കി. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. പുതിയ ലോഗോയിൽ ‘കണക്ടിങ് ഇന്ത്യ’ എന്നതിന് പകരം ‘കണക്ടിങ് ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യവ്യാപകമായി 4ജി നെറ്റ്വർക്ക് ലോഞ്ചിന് മുന്നോടിയായി, ബിഎസ്എൻഎൽ പുതിയ ഏഴ് സേവനങ്ങൾ അവതരിപ്പിച്ചു.
പുതിയ സ്പാം ബ്ലോക്കിങ് സംവിധാനത്തിലൂടെ ഉപയോക്താവിന് മുന്നറിയിപ്പ് നൽകാതെ തന്നെ സ്പാം എസ്എംഎസ്, തട്ടിപ്പ് എന്നിവയിൽ നിന്ന് സുരക്ഷ ഒരുക്കുന്നു. ടെൽകോ വൈ-ഫൈ റോമിംഗ് സംവിധാനം ബിഎസ്എൻഎൽ നെറ്റ്വർക്ക് ഉപയോക്താക്കൾക്ക് യാത്ര ചെയ്യുമ്പോൾ ഏത് ബിഎസ്എൻഎൽ എഫ്ടിടിഎച്ച് വൈ-ഫൈ നെറ്റ്വർക്കിലേക്കും കണക്റ്റുചെയ്യാൻ സാധ്യമാക്കുന്നു. എനി ടൈം സിം (എടിഎസ്) കിയോസ്കുകൾ വഴി പുതിയ ബിഎസ്എൻഎൽ സിം കാർഡുകൾ വാങ്ങുന്നതും എളുപ്പമാക്കുന്നു.
ബിഎസ്എൻഎൽ രാജ്യത്തുടനീളം അതിൻ്റെ 4ജി നെറ്റ്വർക്ക് അതിവേഗം വിപുലീകരിക്കുകയാണ്. 2025-ഓടെ രാജ്യത്തുടനീളം 4ജി വ്യാപനം പൂർത്തിയാക്കാനും, 5ജി നെറ്റ്വർക്ക് എത്തിക്കാനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. 4ജി നെറ്റ്വർക്ക് എത്തിച്ച് എട്ട് മാസത്തിനുള്ളിൽ 5ജി അവതരിപ്പിക്കാനാണ് ശ്രമം. മൊബൈൽ ടവർ വഴിയടക്കമുള്ള നെറ്റ് വർക്കുകൾ തടസ്സപ്പെടുമ്പോൾ സാറ്റലൈറ്റ് വഴി സുഗമമായി മൊബൈൽ ഫോണുകളും സേവനങ്ങളും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഡി2ഡി സർവീസും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്.
Story Highlights: BSNL unveils new logo and introduces 7 new services including spam-blocking and WiFi roaming