ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ജൂണിൽ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. രാജ്യത്തെ ടെലികോം രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കമിടുന്നതാണ് ഈ നീക്കം. നിലവിൽ 4ജി സേവനങ്ങൾക്കായുള്ള ഒരു ലക്ഷം ടവറുകളാണ് ഇൻസ്റ്റാൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ 5ജി സേവനങ്ങൾക്കുള്ള പ്രാരംഭ നടപടികളും ആരംഭിക്കും.
ഈ ഒരു ലക്ഷം ടവറുകളിൽ 89,000 എണ്ണത്തിന്\u200dറെ നിർമാണം പൂർത്തിയായി കഴിഞ്ഞു. 72000 സൈറ്റുകൾ മുഴുവനായും കമ്മീഷൻ ചെയ്തുകഴിഞ്ഞു. ഇനി ബാക്കിയുള്ളത് സിംഗിൾ സെൽ ഫങ്ഷൻ ടെസ്റ്റ് എന്ന പ്രക്രിയയാണ്.
ഈ പ്രക്രിയ പൂർത്തിയാകുന്നതോടെ മെയ് ജൂൺ 2025ഓടെ 4ജി വിന്യാസം പൂർത്തിയാകും. ഇതിന് പിന്നാലെ 5ജിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. 5ജിയിലേക്ക് മാറുന്നതിന് അധിക ഹാർഡ്\u200cവെയറും (ബിടിഎസ്) സോഫ്റ്റ്\u200cവെയർ അപ്\u200cഗ്രേഡുകളും ആവശ്യമായി വരും. ഇത് അടുത്ത തലമുറ കണക്റ്റിവിറ്റിയിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കും.
സ്വന്തമായി 4ജി ടെക്\u200cനോളജിയുളള അഞ്ച് ലോകരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ചൈന, സൗത്ത് കൊറിയ, ഫിൻലൻഡ്\u200c, സ്വീഡൻ തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ. 5ജി കണക്ഷന് കൂടി തുടക്കമിടുന്നതോടെ ഇന്ത്യയുടെ സ്വന്തം ബിഎസ്എൻഎൽ ലോക നെറുകയിൽ തന്നെ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.
ജിയോയും എയർടെല്ലും പോലെയുള്ള വമ്പൻ സ്വകാര്യ കമ്പനികൾ അടക്കിവാഴുന്ന മേഖലയിൽ മത്സരിക്കാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നു. കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകളുമായി ബിഎസ്എൻഎല്ലും വിപണിയിലേക്ക് എത്തിയിട്ടുണ്ട്. ജൂൺ മുതൽ ഉപഭോക്താക്കൾക്ക് 5ജി കണക്ഷൻ നൽകാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്.
Story Highlights: BSNL is gearing up to launch 5G services in June, according to Union Minister Jyotiraditya Scindia.