ചന്ദ്രനിലെ ബ്ലൂ ഗോസ്റ്റ് ലാൻഡറിന്റെ ലാൻഡിംഗ് ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു. 2025 മാർച്ച് 2നാണ് ഫയർഫ്ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രന്റെ വടക്കുകിഴക്കൻ മേഖലയിലെ മേര് ക്രിസിയത്തിലെ മോൺസ് ലാട്രെയ്ലിന് സമീപം ലാൻഡ് ചെയ്തത്. ചന്ദ്രനിലെ സൂര്യോദയത്തിന്റെ ചിത്രമെടുക്കുന്നതുൾപ്പെടെ നിരവധി ശാസ്ത്ര ലക്ഷ്യങ്ങൾക്കായി ബ്ലൂ ഗോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്.
നാസയുടെ സ്റ്റീരിയോ ക്യാമറ ഫോർ ലൂണാർ-പ്ലൂം സർഫസ് സ്റ്റഡീസ് (SCALPSS) 1.1 എന്ന ഉപകരണത്തിലെ നാല് ഷോർട്ട്-ഫോക്കൽ-ലെങ്ത് ക്യാമറകളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ബ്ലൂ ഗോസ്റ്റ് ലാൻഡറിന് ചുറ്റും വിവര ശേഖരണത്തിനായി രണ്ട് ലോങ്-ഫോക്കൽ-ലെങ്ത് ക്യാമറകളും SCALPSS സിസ്റ്റത്തിൽ നാസ സ്ഥാപിച്ചിട്ടുണ്ട്. മൂവായിരത്തിലധികം ചിത്രങ്ങൾ SCALPSS ശേഖരിച്ചു.
നാസയുടെ ഹാംപ്റ്റണിലുള്ള ലാംങ്ലെ റിസർച്ച് സെന്ററിലെ ഗവേഷകരാണ് ഈ ക്യാമറയ്ക്ക് പിന്നിൽ. ബ്ലൂഗോസ്റ്റിന്റെ ലാൻഡിനെ സഹായിച്ച ത്രസ്റ്ററുകളുടെ ജ്വലനം വീഡിയോയിൽ കാണാം. ഭാവിയിലെ ചാന്ദ്ര ലാൻഡറുകളുടെ രൂപകൽപ്പനയിലും പ്രവർത്തനത്തിലും SCALPSS ശേഖരിച്ച ചിത്രങ്ങളിലെ ഡാറ്റ നിർണായകമാണെന്ന് SCALPSS പ്രോജക്ട് മാനേജർ റോബ് മാഡോക്ക് പറഞ്ഞു.
SCALPSS പകർത്തിയ റോ ചിത്രങ്ങൾ നാസ ആറ് മാസത്തിനുള്ളിൽ പുറത്തുവിടും. ഭാവിയിലെ റോബോട്ടിക്, ക്രൂഡ് മൂൺ ലാൻഡിംഗുകളെ ഈ ഡാറ്റ സഹായിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ. നാല് ഷോർട്ട്-ഫോക്കൽ-ലെങ്ത്, രണ്ട് ലോങ്-ഫോക്കൽ-ലെങ്ത് ക്യാമറകൾ ഉൾപ്പെടെ ആറ് ക്യാമറകളാണ് SCALPSS 1.1 സാങ്കേതികവിദ്യയിലുള്ളത്.
ഉയർന്ന ഉയരത്തിൽ നിന്ന് ചിത്രങ്ങൾ എടുക്കാൻ ലോങ്-ഫോക്കൽ-ലെങ്ത് ക്യാമറകൾ ഉപകരണത്തെ അനുവദിച്ചു. സ്റ്റീരിയോ ഫോട്ടോഗ്രാമെട്രി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്, ലോങ്-ഫോക്കൽ-ലെങ്ത്, ഷോർട്ട്-ഫോക്കൽ-ലെങ്ത് ക്യാമറകളിലെ ചിത്രങ്ങൾ സംയോജിപ്പിച്ച് ചന്ദ്രോപരിതലത്തിന്റെ 3D ഡിജിറ്റൽ എലവേഷൻ മാപ്പുകൾ നാസ സൃഷ്ടിക്കും.
നാസയുടെ കൊമേഴ്സ്യൽ ലൂണാർ പേലോഡ് സർവീസസ് (CLPS) പദ്ധതിയുടെ ഭാഗമായാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ അയച്ചത്. വിക്ഷേപിച്ച ശേഷം 45 ദിവസം കൊണ്ടാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ ലാൻഡ് ചെയ്തത്. നാസയുടെ പത്ത് പേലോഡുകൾ ദൗത്യത്തിന്റെ ഭാഗമാണ്. ബ്ലൂ ഗോസ്റ്റ് ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ മറ്റൊരു വീഡിയോ ഫയർഫ്ലൈ എയ്റോസ്പേസ് നേരത്തെ പുറത്തുവിട്ടിരുന്നു.
Story Highlights: NASA’s cameras on Blue Ghost lander capture moon landing footage.